പത്തനംതിട്ട : ക്രൂര മർദനത്തിനൊടുവിൽ പ്ലസ് ടു വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കിവിട്ടതായി പരാതി. ഏനാത്ത് സ്വദേശി അഖിലിനാണ് ദുരനുഭവം നേരിട്ടത്. ഇതോടെ അഖിൽ ഒരു മൊബൈൽ ഫോൺ സർവീസ് സെന്‍ററിൽ ജോലി ചെയ്യുകയാണ്. ഇവിടുത്തെ ജീവനക്കാർക്കൊപ്പമാണ് താമസം.
വീട്ടിൽ നിന്നിറക്കി വിട്ടതിന് പിന്നാലെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ലെന്ന് അഖിൽ പറയുന്നു. 18 വയസ് പൂർത്തിയായെന്നും ഇനി ചെലവിന് തരാൻ കഴിയില്ലെന്നും വീട്ടിൽ നിന്നിറങ്ങണമെന്നും പറയുകയായിരുന്നു.
ഒരാഴ്‌ച കഴിഞ്ഞ് തനിക്ക് ജോലി ആയെന്ന് പറഞ്ഞ് തിരികെ എത്തിയപ്പോൾ ഇനി വീട്ടില്‍ കയറരുതെന്ന് പറഞ്ഞ് വീണ്ടും പുറത്താക്കിയെന്നും അഖിൽ വിശദീകരിക്കുന്നു. അടൂർ ഗവ ബോയ്‌സ് ഹയർ സെക്കന്‍ററി സ്‌കൂള്‍ വിദ്യാർഥിയാണ് അഖിൽ. ഹയർ സെക്കന്‍ററി പരീക്ഷ പോലും കഴിയാത്ത അഖിൽ പഠനത്തിലും മിടുക്കനാണ്.
സഹോദരനെയും പുറത്താക്കി : പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരതയ്ക്കുമുന്നിൽ കിടക്കാനിടമില്ലാതായതിനുപുറമെ പഠനവും മുടങ്ങിയ സങ്കടത്തിലാണ് അഖിൽ. അഖിലിന്‍റെ ജ്യേഷ്‌ഠനെയും സമാന രീതിയിൽ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. 15-ാംവയസിലാണ് ജ്യേഷ്‌ഠനെ പുറത്താക്കിയത്. ജ്യേഷ്‌ഠൻ ഒരു കുടുംബത്തിന്‍റെ സഹായത്തോടെയാണ് ഇപ്പോൾ പഠനം തുടരുന്നത്.
അമ്മ ഉപേക്ഷിച്ചു : ചെറിയ ക്ലാസിൽ പഠിയ്ക്കുമ്പോൾ അമ്മ ഉപേക്ഷിച്ചുപോയതോടെയാണ് അഖിലിന്‍റെയും സഹോദരന്‍റെയും ജീവിതം ഇരുളിലാകുന്നത്. ദുരിതങ്ങൾക്ക് നടുവിലായിരുന്നു പിന്നീടുള്ള ജീവിതം. വീട്ടിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ചിട്ടുണ്ടെന്നും ആഹാരം പോലും നൽകാറില്ലായിരുന്നുവെന്നും അഖിൽ പറയുന്നു. പഠിയ്ക്കുന്ന കാലത്ത് പലപ്പോഴും അധ്യാപകരാണ് അഖിലിന് പഠന ചെലവുകൾ നൽകി സഹായിച്ചത്.