പത്തനംതിട്ട: മലയാലപ്പുഴയിലെ വാസന്തി മഠം എന്ന മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൂട്ടിയിട്ട സംഭവത്തിലെ പ്രതികള്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങി. മന്ത്രവാദ കേന്ദ്രം നടത്തിപ്പുകാരി ശോഭന, കൂട്ടാളി ഉണ്ണികൃഷ്‌ണൻ എന്നിവരാണ് മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. രണ്ട് ദിവസം ആയി പ്രതികൾ ഒളിവിൽ ആയിരുന്നു.
അനധികൃതമായി തടഞ്ഞു വയ്‌ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഈ കേസില്‍ ഇരുവരും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
പത്തനാപുരം സ്വദേശി അനീഷ് ജോണിന്‍റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ടത്. അനീഷിന്‍റെ ഭാര്യ ശുഭ, മാതാവ് എസ്‌തര്‍, മകള്‍ ഏഴുവയസുള്ള ലിയ എന്നിവരെയാണ് പൂട്ടിയിട്ടത്. അനീഷ് നിരവധി തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്.
തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകള്‍ നടന്നതായും പറയുന്നു. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതിനെ തുടർന്നുണ്ടായ സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം.
Also Read:സുഗന്ധവ്യഞ്ജനങ്ങളിൽ മൂത്രവും ചാണകവുമെന്ന് പ്രചാരണം; വീഡിയോകൾ യൂട്യൂബില്‍ നിന്നും നീക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം
അനീഷ് മന്ത്രവാദ കേന്ദ്രത്തിൽ നിന്നും മുങ്ങിയതോടെയാണ് ശോഭന അനീഷിന്‍റെ കുടുംബത്തെ പൂട്ടിയിട്ടത്. മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും നിലവിളി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പൂട്ടിയിട്ടവരെ മന്ത്രവാദ കേന്ദ്രത്തിന്‍റെ വാതില്‍ തകർത്ത് മോചിപ്പിക്കുകയായിരുന്നു.
മന്ത്രവാദ കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകര്‍ത്തു. ഇതിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ശോഭനയും കൂട്ടാളി ഉണ്ണികൃഷ്‌ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഒളിവില്‍ പോയിരുന്ന പ്രതികള്‍ ഇന്നലെ മലയാലപ്പുഴ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നാട്ടുകാർ മോചിപ്പിച്ച അനീഷിന്‍റെ കുടുംബത്തെ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
അനീഷിനനോട് സ്റ്റേഷനില്‍ എത്തി ഇവരെ ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ എത്താൻ തയ്യാറായില്ല. കുടുംബത്തെ പിന്നീട് ഇയാളുടെ സഹോദരിയെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ശോഭനയിൽ നിന്നും അനീഷ് അഞ്ചു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്.
കുടുംബത്തെ മന്ത്രവാദ സംഘം തടവിൽ ആക്കിയിട്ടു പോലും രക്ഷിക്കാൻ എത്താതിരുന്ന അനീഷിന്‍റെ നീക്കത്തിലെ ദുരൂഹതയും പൊലീസ് പരിശോധിക്കുന്നുണ്ട്. അനീഷിനും കുടുംബത്തിനും എതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതിനാൽ ഇവർ പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വാസത്തിൽ എടുക്കാതെ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.