പത്തനംതിട്ട: ശബരിമലയെ ശുചിയായി പരിപാലിച്ച് വിശുദ്ധി സേന. ശബരിമല സന്നിധാനത്തിന് പുറമേ പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലും വിശുദ്ധി സേനാംഗങ്ങള്‍ ശുചീകരണം നടത്തുന്നുണ്ട്. ആയിരം വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ശുചീകരണത്തിനായി നിയോഗിച്ചിട്ടുള്ളത്.
ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍പേഴ്‌സണും അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍ പിള്ള സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്‍റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സന്നിധാനത്ത് 300ഉം പമ്പയില്‍ 300ഉം നിലയ്ക്കലിൽ 350ഉം പന്തളത്തും കുളനടയിലുമായി 50 പേരും ഉള്‍പ്പെടെ 1000 വിശുദ്ധി സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ശുചീകരണത്തിനായി ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളെ വിവിധ സെക്‌ടറുകളായി തിരിച്ചിട്ടുണ്ട്. ചെറു സംഘങ്ങളെയാണ് വിവിധ സെക്‌ടറുകളുടെ ശുചീകരണത്തിനായി നിയോഗിച്ചിട്ടുള്ളത്.
ശുചിയാക്കുന്നത് 24 മണിക്കൂർ:കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്‌ടർ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള സൂപ്പര്‍വൈസര്‍മാരെയും ഓരോ സെക്‌ടറുകളിലായി നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനയുടെ ശുചീകരണം നടക്കുന്നുണ്ട്.