പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്‌ച കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര്‍ യുകെയില്‍ നിന്നും ദുബൈയില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. യുകെയില്‍ നിന്നുള്ള വ്യക്തി മാര്‍ച്ച് 14നും ദുബൈയില്‍ നിന്നുള്ള വ്യക്തി മാര്‍ച്ച് 22നുമായിരുന്നു കേരളത്തിലെത്തിയത്. ഇതില്‍ ദുബൈയില്‍ നിന്നുമെത്തിയ വ്യക്തി ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. ഇയാൾ ദുബൈയില്‍ നിന്നും ബെംഗ്ലൂരുവിലേക്കും അവിടെ നിന്നും തിരുവനന്തപുരത്തേക്കുമാണ് വിമാനത്തില്‍ യാത്ര ചെയ്‌തത്. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്രവങ്ങളെടുത്ത് സാമ്പിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ഇയാളുടെ പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും രോഗബാധക്കുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. മറ്റേ വ്യക്തി യുകെയില്‍ നിന്നും അബുദബിയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കുമാണ് വിമാനത്തില്‍ യാത്ര ചെയ്തത്. ഇരുവരുടെയും സഞ്ചാര പാതയടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും കലക്‌ടര്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ വിദേശത്ത് നിന്നുമെത്തിയവര്‍
ദുബൈയില്‍ നിന്നുമെത്തിയ വ്യക്തി ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ലെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്
വിവിധ ആശുപത്രികളിലായി 21 പേര്‍ നിരീക്ഷണത്തിലുണ്ട്. ബുധനാഴ്‌ച പുതിയതായി ഒരാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 376 പ്രൈമറി കോണ്‍ടാക്‌ടുകളും 29 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും വിദേശത്ത് നിന്നും തിരിച്ചെത്തിയ 4,056 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്നും 49 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 348 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ പരിശോധനാ ഫലം വന്ന സാമ്പിളുകളില്‍ 12 എണ്ണം പോസിറ്റീവായും 194 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചു. ക്വാറന്‍റൈനില്‍ കഴിയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.