പത്തനംതിട്ട: വെച്ചൂച്ചിറയിൽ റബ്ബർ തോട്ടത്തിലെ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷ്‌ടിച്ച് ആക്രിക്കടയിൽ വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. എരുമേലി വടക്ക് കാവുങ്കല്‍ വീട്ടില്‍ സി.മൂര്‍ത്തി(42) ആണ് അറസ്റ്റിലായത്. കൂട്ടു പ്രതിയും മൂർത്തിയുടെ ഭാര്യ സഹോദരനുമായ ബാലമുരുകനായുള്ള തെരച്ചിൽ തുടരുന്നു.
ജനുവരി 24 ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. വെച്ചൂച്ചിറ ചേത്തയ്ക്കല്‍ ശശിധരന്‍റെ റബര്‍ തോട്ടത്തിലുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത്. തോട്ടത്തിൽ തൊഴിലാളികളുള്ളപ്പോള്‍ അവര്‍ ആഹാരം പാകം ചെയ്യാനും മറ്റും ഉപയോഗിച്ചിരുന്ന ഒറ്റമുറി കെട്ടിടത്തിന്‍റെ ജനല്‍ കമ്പി തകർത്താണ് പ്രതികൾ അകത്ത് കയറിയത്.
തുടർന്ന് ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ, ഗ്യാസ് അടുപ്പ്, വെട്ടുകത്തി, പാത്രങ്ങള്‍, പുറത്തുണ്ടായിരുന്ന വാട്ടര്‍ ടാങ്ക് എന്നിവ പട്ടാപ്പകൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. തോട്ടത്തിൽ ആരും ഇല്ലാത്ത സമയം നോക്കിയായിരുന്നു മോഷണം. മോഷണം സംബന്ധിച്ച് ഉടമ പൊലീസിൽ പരാതി നൽകി.
ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണ മുതലുകള്‍ പ്രതികള്‍ ജനുവരി 26ന് എരുമേലിയിലെ ഒരു ആക്രിക്കടയില്‍ വിറ്റതായി വിവരം ലഭിച്ചു. ആക്രിക്കട ഉടമയെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം മൂർത്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്‌ടിച്ച സാധനങ്ങൾ പൊലീസ് സംഘം ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തു.
Also Read: ലോറിയിടിച്ച് വിമുക്ത ഭടൻ മരണപ്പെട്ട കേസ്; ഒരു വർഷത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ