പത്തനംതിട്ട: റാന്നി വാഴക്കുന്നത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലെ വിദ്യാര്‍ഥികളാണ് തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്നാരോപിച്ച് രംഗത്തെത്തിയത്. സ്‌ത്രീ ഉള്‍പ്പെട്ട ഒരു സംഘം മര്‍ദിച്ചെന്ന് കാണിച്ച് വിദ്യാര്‍ഥികളായ വിഷ്ണു, സല്‍മാന്‍, ആദര്‍ശ് എന്നിവരാണ് ആറന്മുള പൊലീസില്‍ പരാതി നല്‍കി.
റാന്നിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി; വഴി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ് - ആണ്‍കുട്ടി
പത്തനംതിട്ട റാന്നിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സ്‌ത്രീ ഉള്‍പ്പെട്ട സംഘം സദാചാര ആക്രമണം നടത്തിയെന്ന് പരാതി, എന്നാല്‍ കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണിതെന്ന് പൊലീസ്
മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും റാന്നി വാഴക്കുന്നം പാലത്തിൽ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ (26.10.2022) ഉച്ചയ്ക്കായിരുന്നു സംഭവം. പാലത്തില്‍ നിന്ന് തള്ളിയിടാന്‍ നോക്കിയെന്നും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ സംഘം അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കാറിൽ എത്തിയവരാണ് ആക്രമിച്ചതെന്നും കാറിൽ ഒരു സ്‌ത്രീയും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്നും വിദ്യാര്‍ഥികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്. വഴിയടച്ച് മൂന്ന് ബൈക്കുകള്‍ വച്ചത് കാരണം കാറിന് കടന്നുപോകാന്‍ തടസമുണ്ടായി. ബൈക്കുകള്‍ മാറ്റാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷമുണ്ടായതാണെന്നാണ് പൊലീസ് ഭാഷ്യം. വിദ്യാര്‍ഥികള്‍ക്കെതിരെ കാര്‍ യാത്രക്കാരും പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.