കേരളം

kerala

ETV Bharat / state

പ്രളയ ഭീതിയിൽ പത്തനംതിട്ട ; പ്രധാന അണക്കെട്ടുകള്‍ നിറഞ്ഞു - rain updates

പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Pathanamthitta rain updates  പത്തനംതിട്ട പത്തനംതിട്ട മഴ  പത്തനംതിട്ട റെഡ് അലർട്ട്  red alert in Pathanamthitta  Pathanamthitta rain  rain updates  പത്തനംതിട്ട മഴ വാർത്ത
Pathanamthitta rain updates

By

Published : Oct 16, 2021, 4:07 PM IST

Updated : Oct 16, 2021, 4:39 PM IST

പത്തനംതിട്ട :കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ ഇന്ന് ഉച്ചയ്‌ക്കുശേഷവും തുടരുകയാണ്. നദികളിലെ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായി. മലയാലപ്പുഴയിൽ ഉരുൾ പൊട്ടി വ്യാപക കൃഷിനാശമുണ്ടായി.

പന്തളം ഭാഗത്ത് വീടുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. പുനലൂർ മൂവാറ്റുപുഴ റോഡിൽ മാമുക്ക് ജങ്‌ഷനിലും പത്തനംതിട്ട കെഎസ്ആർടിസി ഗാരേജിലും വെള്ളം കയറി.

പ്രളയ ഭീതിയിൽ പത്തനംതിട്ട ; പ്രധാന അണക്കെട്ടുകള്‍ നിറഞ്ഞു

ഏഴംകുളം അറുകാലിക്കൽ ഭാഗത്ത് മരം വീണ് വീട് തകർന്നു. കോന്നിയില്‍ ശക്തമായ മഴയില്‍ തോടുകള്‍ കരകവിഞ്ഞു. വകയാര്‍, മുറിഞ്ഞകല്‍ മേഖലയില്‍ റോഡിലേക്ക് വെള്ളം കയറി. റാന്നി, കോന്നി മേഖലകളിലും കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായി ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.

ഇന്നലെ വൈകുന്നേരം റെഡ് അലർട്ട് പ്രഖ്യാപിച്ച ആനത്തോട് ഡാമിൽ 88% വെള്ളമായി. ഡാം ഏതുനിമിഷവും തുറക്കാവുന്ന സ്ഥിതിയാണ്. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്.

ALSO READ: നാശം വിതച്ച് മഴ ; ശബരിമല തീര്‍ഥാടകര്‍ക്ക് ജാഗ്രതാനിർദേശം

ശബരിമലനട ഇന്നു തുറക്കുന്ന സാഹചര്യത്തിൽ പമ്പ, ത്രിവേണി നദികളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. പമ്പാ അണക്കെട്ടിൽ 65.18 ശതമാനമാണ് വെള്ളം.

ആനത്തോട്, പമ്പ അണക്കെട്ടുകൾ അടച്ചിട്ടിരിക്കുകയാണ്. തുറന്നിരിക്കുന്ന മൂഴിയാർ അണക്കെട്ടിൽ 33.19 ശതമാനവും മണിയാറിൽ 98.07 ശതമാനവുമാണ് ജല നിരപ്പ്.

അതേസമയം തൽക്കാലം ഡാമുകൾ തുറന്നുവിടേണ്ടതില്ലെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഡാമുകൾക്ക് ഇനിയും സംഭരണ ശേഷിയുണ്ട്. മാത്രമല്ല, വൃഷ്ടിപ്രദേശത്ത് മഴയുടെ അളവ് കുറവാണെന്നും യോഗം വിലയിരുത്തി. ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ 70 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയുടെ പലഭാഗത്തും അതിശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം

കോന്നി, കല്ലേലി ഭാഗങ്ങളില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. എന്നാല്‍ കക്കി ഡാമിന് താഴെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ജില്ലയില്‍ ഡാമുകളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികള്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി വരുന്നുണ്ട്. നിലവില്‍ നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്പുകളില്‍ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആവശ്യത്തിന് ആന്‍റിജന്‍ കിറ്റുകള്‍ ഉണ്ട്. ക്യാമ്പുകളിലേക്ക് വരുന്നതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം താമസിപ്പിക്കും.

കൊവിഡ് പോസിറ്റീവായി വീടുകളില്‍ നിരീക്ഷണത്തിൽ ഉള്ളവരെ സിഎഫ്എല്‍ടിസികളിലും ഡിസിസികളിലും പാര്‍പ്പിക്കും. ജില്ലയിലെ കുളനടയില്‍ എന്‍ഡിആര്‍എഫിന്‍റെ 23 അംഗ സംഘം ക്യാമ്പ് ചെയ്തുവരുന്നുണ്ട്.

മഴ ശക്തമായി തുടരുകയും പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ പമ്പാ സ്‌നാനം അനുവദിക്കേണ്ടെന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ജില്ല കലക്ടര്‍ തീരുമാനം എടുത്തിട്ടുണ്ട്.

എല്ലാ വകുപ്പുകളും കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും മഴ ശക്തമായ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ALSO READ: കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരു മരണം ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ജലനിരപ്പ് ഉയരാനുള്ള സാഹചര്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കക്കി അണക്കെട്ട് നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. നദിയിലെ ജലം കൂടി നിരീക്ഷിച്ചാണ് തീരുമാനം എടുക്കുകയെന്നുമാണ് ജില്ല കലക്ടര്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.

നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തിലാണ് തീരുമാനം. അഴൂര്‍ എസ്‌ഡിഎ സ്‌കൂള്‍, കുമ്പഴ മൗണ്ട് ബഥനി സ്‌കൂള്‍, ആനപ്പാറ ഗവ.എല്‍പി സ്‌കൂള്‍, ചുട്ടിപ്പാറ നഴ്‌സിങ് കോളജ് എന്നിവ ക്യാമ്പുകളാക്കും.

കാലവര്‍ഷക്കെടുതിയില്‍ കേടുപാടുകളുണ്ടാകുന്ന വീടുകളുടെ ലിസ്റ്റ് അടിയന്തിര പ്രാധാന്യം നല്‍കി റവന്യൂ വകുപ്പിന് കൈമാറും. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : 9946200596, 9447354346, 9447593033, 9656487682.

Last Updated : Oct 16, 2021, 4:39 PM IST

ABOUT THE AUTHOR

...view details