പത്തനംതിട്ട: കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട അഴൂര്‍ സ്വദേശികളായ നിഖില്‍ (28) അഭിജിത്ത് (23) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. നിഖിലിന്‍റെ വിലാസത്തിലേക്ക് ബെംഗളൂരുവില്‍ നിന്നാണ് രാസലഹരിമരുന്ന് എത്തിയത്.
കൊറിയർ വഴി എംഡിഎംഎ കടത്ത്; പത്തനംതിട്ടയില്‍ രണ്ട് യുവാക്കൾ പിടിയിൽ
പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സെന്‍ററില്‍ നിന്ന് എക്‌സ്‌റ്റന്‍ഷന്‍ ബോര്‍ഡിലൊളിപ്പിച്ച നിലയിലാണ് രാസലഹരിമരുന്ന് കണ്ടെത്തിയത്
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിടിഡിസി കൊറിയര്‍ സര്‍വീസ് സെന്‍ററില്‍ എക്സറ്റന്‍ഷന്‍ ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് എത്തിയത്. ആറ് ഗ്രാം തൂക്കം വരുന്ന പൊതിക്കുള്ളില്‍ 4.5 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. നിഖിലിനെയും അഭിജിത്തിനെയും കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്ത് നടക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ജില്ല പൊലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതും രാസലഹരിമരുന്ന് പിടികൂടിയതും. നർകോട്ടിക്സെൽ ഡിവൈഎസ്‌പി കെഎ വിദ്യാധരനും പരിശോധനയിൽ പങ്കെടുത്തു. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്‌ടര്‍ ജിബു ജോണിന്‍റെ നേതൃത്വത്തിലാണ് തുടർ നടപടികള്‍ സ്വീകരിച്ചത്.