പത്തനംതിട്ട : പന്തളത്ത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടികൂടിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു. 25 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് ജില്ല നാര്‍ക്കോട്ടിക് സംഘവും പന്തളം പൊലീസും ചേര്‍ന്ന് പിടികൂടിയത്.
മലപ്പുറം പൊന്നാനി വെളിയംകോട് പണിക്ക വീട്ടില്‍ നിസ്സാര്‍ (32) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് പുകയില ഉല്‍പന്നങ്ങൾ പിടികൂടിയത്.
പന്തളം കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപമുള്ള എസ്‌എം ലോഡ്‌ജില്‍ 43 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റിലായ നിസ്സാർ ലോഡ്‌ജില്‍ മുറിയെടുത്തത്. ഹാൻസ്, കൂൾ എന്നീ പേരുകളിലുള്ള 58000 ത്തോളം പായ്ക്കറ്റുകളാണ് പിടികൂടിയത്.