കേരളം

kerala

ETV Bharat / state

'പരേതന്‍' തിരിച്ചെത്തി ; പുലിവാലുപിടിച്ച് പൊലീസ്, സംസ്‌കരിച്ചത് ആരെയെന്ന് അറിയാന്‍ അന്വേഷണം - രാമന്‍ ബാബു

Pathanamthitta Laha Raman Babu : മൃതദേഹത്തോടും ധരിച്ചിരുന്ന വസ്‌ത്രങ്ങളോടും ഉള്ള സാമ്യം കണ്ടാണ് മരിച്ചത് രാമന്‍ തന്നെയാണെന്ന് മക്കള്‍ ഉറപ്പിച്ചത്. ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനാലാണ് മൃതദേഹം വിട്ടുനല്‍കിയതെന്ന് പൊലീസ്.

Pathanamthitta Raman Babu  dead man Raman Babu  രാമന്‍ ബാബു  മരിച്ചയാള്‍ തിരിച്ചെത്തി
pathanamthitta-laha-dead-man-raman-babu-returned-home

By ETV Bharat Kerala Team

Published : Jan 7, 2024, 12:40 PM IST

പത്തനംതിട്ട : ദിവസങ്ങൾക്കുമുൻപ് മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാള്‍ 'ജീവനോടെ' തിരിച്ചെത്തി. പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി ഊരിലെ രാമൻ ബാബു ആണ് തിരിച്ചെത്തിയത് (Raman Babu returned home). രാമനെ കണ്ട് ബന്ധുക്കളിൽ ഞെട്ടലും സന്തോഷവും ഉണ്ടായെങ്കിലും വെട്ടിലായിരിക്കുന്നത് പൊലീസാണ്.

പത്തനംതിട്ട ളാഹ മഞ്ഞത്തോട് കോളനിയിലാണ് സംഭവം. സംസ്‌കാരം നടത്തിയത് ആരുടെ മൃതദേഹം ആണെന്നറിയാൻ പൊലീസ് സമഗ്ര അന്വേഷണം നടത്താനൊരുങ്ങുകയാണ്. ശബരിമല നിലയ്ക്കലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി ഊരിലെ രാമൻ ബാബു ആണെന്ന് തെറ്റിദ്ധരിച്ച്‌ സംസ്‌കരിച്ചത് അജ്ഞാതന്‍റെ മൃതദേഹമാണ്.

ഇന്നലെ (ജനുവരി 6) രാമൻ ബാബുവിനെ കോന്നി കൊക്കാത്തോട്ടില്‍ നിന്നും കണ്ടെത്തിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. ഇലവുങ്കലിനടുത്ത് ളാഹ മഞ്ഞത്തോട് കോളനി നിവാസിയായ രാമൻ ബാബു മകനൊപ്പമാണ് താമസിച്ചിരുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപ് രാമനെ കാണാതായിരുന്നു.

ഡിസംബര്‍ 30 നാണ് നിലയ്ക്കലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ശബരിമല തീര്‍ഥാടന പാതയില്‍ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടുചേര്‍ന്ന് വയോധികന്‍റെ മൃതദേഹം പരിക്കുകളോടെ ഉറുമ്പുകള്‍ അരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആദിവാസി ഊരില്‍ ഉള്ള രാമൻ ബാബുവാണെന്ന് സംശയം വരികയും കുടുംബം എത്തി പരിശോധിക്കുകയുമായിരുന്നു. ഓര്‍മക്കുറവുള്ള രാമൻ അലഞ്ഞുതിരിയുന്ന സ്വഭാവക്കാരനും ആണ്.

ഊരിൽ നിന്ന് പോയാൽ ദിവസങ്ങള്‍ കഴിഞ്ഞ് തിരികെ എത്തുന്ന സ്വഭാവമാണ് രാമന്‍റേത്. മൃതദേഹത്തോടും വസ്ത്രങ്ങളോടും സാമ്യം തോന്നിയതിനെ തുടര്‍ന്നാണ് മരിച്ചത് രാമനാണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുന്നത്. മരിച്ചത് രാമൻ ബാബു ആണെന്ന് മക്കള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പൊലീസ് പറയുന്നു. മൃതദേഹം മഞ്ഞത്തോട് വീടിന് സമീപം സംസ്‌കരിക്കുകയും ചെയ്‌തു.

രാമൻ ബാബുവിന്‍റെ ബന്ധുവും കോന്നി കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറുമായ മനു കോട്ടമ്പാറയില്‍ വച്ചാണ് രാമൻ ബാബുവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇരുവരും മഞ്ഞത്തോട് കോളനിയിലെ വീട്ടിലേക്ക് എത്തുമ്പോൾ മരിച്ചയാൾ ജീവനോടെ എത്തിയത് കണ്ട് ബന്ധുക്കളും ഊര് നിവാസികളും ഞെട്ടി. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടി വരും.

ABOUT THE AUTHOR

...view details