പത്തനംതിട്ട: ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ കരകവിഞ്ഞ് ഒഴുകുന്ന കക്കാട്ടാറില്‍ നരന്‍ സിനിമ സ്റ്റൈലില്‍ മരം പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കൊച്ചു കോട്ടമണ്‍ സ്വദേശികളായ തടത്തിൽ വീട്ടിൽ രാഹുൽ (25), പാലക്കൽ വിപിൻ സണ്ണി (22), കൊച്ചു കോട്ടമണ്‍ സ്വദേശിയായ പതിനെട്ടുകാരന്‍ എന്നിവരാണ് അറസ്‌റ്റിലായത്.
തിങ്കളാഴ്‌ച ഉച്ചക്കാണ് കേസിനാസ്‌പദമായ സംഭവം. വേണ്ടത്ര മുന്‍കരുതലെടുക്കാതെയാണ് കുത്തിയൊഴുകുന്ന കക്കാട്ടാറില്‍ സംഘം കാട്ടുതടികളും മറ്റും ശേഖരിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശൃങ്ങള്‍ സിനിമ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇന്ന് (ആഗസ്റ്റ് 4) പൊലീസ് മൂവരെയും അറസ്റ്റ് ചെയതത്.