അപകടത്തിന്‍റെ സിസിടിവി ദൃശ്യം പത്തനംതിട്ട:നിയന്ത്രണം വിട്ട ലോറിയില്‍ നിന്ന് കോണ്‍ക്രീറ്റ് മിക്‌സര്‍ സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞ് 25 ഓളം പേര്‍ക്ക് പരിക്ക്. പത്തനംതിട്ട-കൈപ്പട്ടൂർ-അടൂർ റോഡിൽ കൈപ്പട്ടൂർ സ്‌കൂളിനു സമീപമാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വളവില്‍ നിയന്ത്രണം നഷ്‌ടമായ ലോറി ബസിനു നേരെ മറിയുന്നതും ലോറിയില്‍ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ ബസിനു മുകളിലേക്ക് മറിഞ്ഞു വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ കടകളിലുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവർമാരും കൈപ്പട്ടൂർ സ്‌കൂളിലെ വിദ്യാർഥികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
റോഡിലേയ്ക്ക് മറിഞ്ഞ രണ്ടു വാഹനങ്ങളില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്ത് ആംബുലൻസുകളില്‍ പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. അടൂർ-കൈപ്പട്ടൂർ റോഡിലെ ഏറ്റവും വലിയ വളവുകളിൽ ഒന്നിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
എതിർ ദിശയിൽ നിന്നും ലോറി വരുന്നത് കണ്ട് ബസ് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണം നഷ്‌ടമായ ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ബസ് ഡ്രൈവർ പറഞ്ഞു. പ്രദേശത്തെ വളവിൽ വാഹനങ്ങളുടെ അമിത വേഗം പതിവാണെന്ന് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. അപകടം പലപ്പോഴും ഒഴിവായത് തലനാരിഴയ്ക്ക മാത്രമാണെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് പത്തനംതിട്ട-അടൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. ബസിന്‍റെ ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായത് അഗ്നി രക്ഷാസേനയെത്തി നിയന്ത്രിച്ചു.