പത്തനംതിട്ട: തലച്ചോറ് ചിന്നിച്ചിതറിയ നിലയിൽ യുവാവിന്‍റെ മൃതദേഹം തിരുവല്ല നഗരത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിന് എതിർവശമുള്ള റോഡരികിൽ കണ്ടെത്തി. തിരുവല്ല പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിന്‍റെ മകൻ നെവിൻ തോമസിന്‍റെ (35) മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചയോടെ റോഡരികിൽ കണ്ടെത്തിയത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ട് പൊലീസിൽ വിവരം അറിയിക്കുന്നത്.
തലച്ചോറ് ചിന്നിച്ചിതറിയ നിലയിൽ യുവാവിന്‍റെ മൃതദേഹം നഗരമധ്യത്തിൽ - പത്തനംതിട്ട കൊലപാതകം
തിരുവല്ല പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിന്‍റെ മകൻ നെവിൻ തോമസാണ് മരിച്ചത്.
കെ.എസ്.ആര്‍.ടി സി സ്റ്റാന്‍റിന് സമീപമുള്ള പാഴ്സൽ കടയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽ നിന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുവല്ല പൊലീസ് പറഞ്ഞു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യും. നഗരത്തിലെ ബാർ ഹോട്ടലിന് മുന്നിൽ നിന്നും നെവിന്‍റെ ബൈക്ക് കണ്ടെത്തി. തിരിച്ചറിയൽ കാർഡും ലൈസൻസും അടങ്ങിയ പഴ്സ് ബാർ ഹോട്ടലിന് സമീപം റോഡരികിലെ പുല്‍പ്പടർപ്പിനിടയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
രാത്രി ബാറിലിരുന്ന് അമിതമായി മദ്യപിച്ച നെവിനെ ബാറിൽ നിന്നും ഇറക്കി വിട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച കൊവിഡ് പരിശോധനാഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടത്തും. വ്യാഴാഴ്ച രാത്രി 11 മണിയോടെ നെവിൻ വീട്ടിൽ നിന്ന് പോയതാണെന്ന് വീട്ടുകാർ പറയുന്നു. വീട്ടിലെത്തി ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് നെവിന്‍റെ അമ്മ ലില്ലിക്കുട്ടി തോമസ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.