പത്തനംതിട്ട: ജില്ലയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാമാരിയെ പ്രതിരോധിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്‌ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 23 തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള വാര്‍ഡുതല ജാഗ്രതാ സമിതികള്‍ കൂടുതല്‍ സജീവമാക്കണം, പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ക്വാറന്‍റൈനില്‍ ഇരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം, മെഡിക്കല്‍ ഓഫീസറുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ ബോധവത്ക്കരണം സംഘടിപ്പിക്കണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ദിവസേന ഒന്നിലധികം തവണ മൈക്ക് അനൗണ്‍സ്‌മെന്‍റ് നടത്തണം, സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ സന്ദര്‍ശിക്കണം, പൊലീസ്, എന്‍ഫോഴ്സ്മെന്‍റ് ടീമിന്‍റെ സഹായം ഉറപ്പു വരുത്തണം, കടകള്‍ രാത്രി ഒന്‍പതിനു തന്നെ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളാണ് കലക്‌ടർ യോഗത്തിൽ നൽകിയത്. തഹസില്‍ദാര്‍മാര്‍, പൊലീസ്, സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കലക്‌ടർ പറഞ്ഞു.