പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ലഭിച്ച പരിശോധന ഫലത്തില്‍ ഒരു പോസ്റ്റീവ് കേസ് റിപ്പോർട്ട് ചെയ്തതായി ജില്ലാ കലക്ടർ പി.ബി നൂഹ് പറഞ്ഞു. ദുബൈയില്‍ നിന്നും തിരിച്ചെത്തിയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം തയ്യാറാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ കേസുകളുടെ മൂന്ന് സെക്കന്‍ഡറി കോണ്‍ടാക്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ 15 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന് 195 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
പത്തനംതിട്ടയില്‍ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു - pathanamthitta collector
ദുബൈയില്‍ നിന്നും തിരിച്ചെത്തിയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്
അതേസമയം, ഇന്ന് 158 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. 364 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 99 പ്രൈമറി കോണ്‍ടാക്റ്റുകളും 276 സെക്കന്‍ഡറി കോണ്‍ടാക്റ്റുകളും നിരീക്ഷണത്തിലുണ്ട്. കൂടാതെ വിദേശത്തു നിന്നും തിരിച്ചെത്തിയ 2351 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഡല്‍ഹി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 20 പേര്‍ ജില്ലയില്‍ ഹോം ഐസൊലേഷനിലാണ്. ഇവരില്‍ 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ബാക്കി രണ്ടു പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ലോക്‌ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് കൂട്ടം കൂടിയതിനും കടകള്‍ തുറന്നതിനും വാഹനങ്ങള്‍ നിരത്തിലിറക്കിയതിനും 440 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 444 പ്രതികളെ അറസ്റ്റ് ചെയ്യുകയും 348 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ക്വാറന്‍റൈന്‍ ലംഘിച്ചതിന് എടുത്ത ഒരു കേസ് ഉള്‍പ്പെടെയാണിത്.