പത്തനംതിട്ട:സിവില്‍ സര്‍വീസ് പരീക്ഷയിൽ റാങ്ക് നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി ഹൃദ്യയും രവീണും. റാന്നി സ്വദേശി ഹൃദ്യ എസ് വിജയൻ 317-ാം റാങ്കും തിരുവല്ല സ്വദേശി രവീൺ കെ മനോഹരൻ 631-ാം റാങ്കുമാണ് നേടിയത്. ഇരുവരെയും ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യർ ആദരിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ഥികള്‍ മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്ന് കലക്‌ടര്‍ പറഞ്ഞു. ഒരുപാട് വ്യത്യസ്‌തമായ അനുഭവങ്ങളും സേവനത്തിനുള്ള സാധ്യതകളുമുള്ള പദവിയാണ് സിവില്‍ സര്‍വീസിന്‍റേത്. ആ സാധ്യതകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കലക്‌ടർ പറഞ്ഞു.
മൂന്നാം ശ്രമത്തില്‍ സിവില്‍ സർവീസ്:സിവിൽ സർവീസ് പരീക്ഷയുടെ ഫലമറിഞ്ഞപ്പോഴാണ് ഹൃദ്യ മനസ് തുറന്ന് ചിരിക്കുന്നത്. മൂന്നാം ശ്രമത്തിലാണ് 317-ാം റാങ്കോടെ ഹൃദ്യ തന്‍റെ സ്വപ്‌നം സാക്ഷാത്‌കരിച്ചത്. റാന്നി സ്വദേശികളായ റിട്ട. തഹസില്‍ദാര്‍ വിജയന്‍റേയും പത്തനംതിട്ട കളക്‌ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സിന്ധുവിന്‍റെയും മകളാണ് ഹൃദ്യ.