പത്തനംതിട്ട:ബസിനുള്ളിൽ വച്ച് വയോധികയുടെ സ്വർണ മാല കവർന്ന തമിഴ്‌നാട് സ്വദേശിനി പിടിയിൽ. ചെന്നീർക്കര പമ്പുമല ഉടയാൻചരുവിൽ വീട്ടിൽ ലില്ലിക്കുട്ടിയുടെ (63) ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് തമിഴ്‌നാട് സ്വദേശിനി മോഷ്‌ടിച്ചത്. സംഭവത്തിൽ തമിഴ്‌നാട് തൂത്തുക്കൂടി വടക്ക് തെരുവിൽ മാണിക്യമുത്തുവിന്‍റെ മകൾ ലക്ഷ്‌മിയെന്നും മായയെന്നും വിളിക്കുന്ന ഗായത്രിയെയാണ് (29) ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്.
തിങ്കളാഴ്‌ച രാവിലെ 9.20 ന് ചെന്നീർക്കര ഐടിഐ ജങ്‌ഷനിൽ നിന്നും ഇലവുംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ലില്ലിക്കുട്ടി ബഹളമുണ്ടാക്കിയപ്പോൾ ഓടിക്കൂടിയ നാട്ടുകാർ ഗായത്രിയെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു.