പത്തനംതിട്ട: സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ ഒരു മുറിയില്‍ ഒന്നില്‍ കൂടുതല്‍ ആളുകളെ നിരീക്ഷണത്തില്‍ പാർപ്പിച്ചിരിക്കുന്നതായി പരാതി. പത്തനംതിട്ട വടശേരിക്കര പേഴുംപാറയിലെ സർക്കാരിന്‍റെ സൗജന്യ ക്വാറന്‍റൈൻ കേന്ദ്രത്തിലാണ് ഈ അവസ്ഥ. എംആർഎസ് എച്ച്എസ്എസിന്‍റെ ഹോസ്റ്റലിലെ ഡോർമെട്രിയാണ് ക്വാറന്‍റൈൻ കേന്ദ്രമാക്കിയത്. ഒരു മുറിയിൽ മൂന്ന് പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഹാളിലേക്ക് എത്താൻ ഒരു വഴി മാത്രമാണ് ഇവിടെ ഉള്ളത്.
ഒരു മുറിയില്‍ ഒന്നിലധികം പേർ; സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിന് എതിരെ പരാതി
പത്തനംതിട്ട വടശേരിക്കര പേഴുംപാറയിലെ സർക്കാരിന്‍റെ സൗജന്യ ക്വാറന്‍റൈൻ കേന്ദ്രത്തിന് എതിരെയാണ് പരാതി.
150 ബെഡുകളുള്ള ഈ നിരീക്ഷണ കേന്ദ്രത്തിൽ നിലവിൽ സ്ത്രീകൾ ഉൾപ്പടെ 57 പേരാണുള്ളത്. രണ്ട് ബ്ലോക്കിലായാണ് ആളുകളെ പാർപ്പിച്ചിരിക്കുന്നത്. ഒന്നാം ബ്ലോക്കിലെ താഴത്തെ നിലയിൽ 15 പേരും ഒന്നാം നിലയിൽ ഒൻപത് പേരും രണ്ടാം നിലയിൽ 18 പേരുമാണുള്ളത്. ഒന്നാം നിലയിൽ പാർപ്പിച്ചിരിക്കുന്ന ഒരാളുടെ പരിശോധന ഫലം പോസിറ്റീവാണ്. രണ്ടാം നിലയിൽ വിദേശത്ത് നിന്നെത്തിയ ഒരാളെ കൂടി പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു മുറിയിൽ ഒന്നിൽ കൂടുതൽ ആളുകൾ കഴിയുന്നതിനാൽ ആശങ്കയിലാണ് ഇവിടെ താമസിക്കുന്നവർ. പൊതുവായ ശുചി മുറിയാണ് ഇവർ ഉപയോഗിക്കുന്നതെന്നും നിരീക്ഷണത്തിലുള്ളവർ പറയുന്നു. രണ്ടാം ബ്ലോക്കിൽ താഴത്തെ നിലയിൽ രണ്ട് സ്ത്രീകളും ആദ്യനിലയിൽ എട്ട് പുരുഷന്മാരുമുണ്ട്. നിലവിൽ ബ്ലോക്കിന് അടച്ചുറപ്പില്ല. മദ്യത്തിന് അടിമയായിട്ടുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും ബന്ധുക്കൾ ഇവിടെ കൊണ്ട് വന്ന് ഇവർക്ക് മദ്യം കൊടുക്കുന്നത് കണ്ടെടുത്തിയെന്നും അധികൃതരിലൊരാൾ പറഞ്ഞു.