പത്തനംതിട്ട: പന്തളത്ത് ലോഡ്‌ജിൽ നിന്നും ലഹരി മരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂർ പട്ടാനുർ സ്വദേശി അച്ചു എന്ന് വിളിക്കുന്ന സിദ്ധീഖ് വി.പിയാണ് (34) ബെംഗളുരു ഹമ്മനഹള്ളിയിൽ നിന്നും പിടിയിലായത്. പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുവാവിനെ പിടികൂടിയത്.
ബെംഗളൂരു സിറ്റിയിലെ യലഹങ്കയിൽ പൊലീസ് സംഘം എത്തിയതറിഞ്ഞ ഇയാൾ വിദഗ്‌ധമായി അവിടെ നിന്നും രക്ഷപ്പെട്ടു. സൈബർ പൊലീസിന്‍റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരഞ്ഞപ്പോൾ യലഹങ്കയിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള ഹമ്മനഹള്ളിയിലാണ് ഇയാളുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Read more: പന്തളത്തെ ലോഡ്‌ജില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത കേസ്: കേരള പൊലീസ് ബെംഗളൂരുവില്‍
സിനിമ സ്റ്റൈലിൽ പൊലീസിനെ വട്ടം കറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പൊലീസ് സംഘം മണിക്കൂറുകളോളം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും ഒരു വെയ്‌റ്റിങ് മെഷീനും കണ്ടെടുത്തു. തുടർന്ന് ഇയാളുമായി അന്വേഷണ സംഘം നാട്ടിലേക്ക് തിരിച്ചു.
പന്തളം പൊലീസ് സ്റ്റേഷനിലെത്തിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്‌ച(10.08.2022) വൈകിട്ടോടെ അടൂർ കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്‌തു. ജൂലൈ 30നാണ് 154 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേരെ പൊലീസ് പിടികൂടിയത്.
Read more: വലയിലായത് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരി മാഫിയ സംഘം: അന്വേഷണത്തിന് പ്രത്യേക സംഘം
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പന്തളം മണികണ്‌ഠൻ ആൽത്തറയ്‌ക്ക് സമീപമുള്ള ലോഡ്‌ജിൽ നിന്ന് പ്രതികളെ ജില്ല പൊലീസ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. ഏകദേശം 15 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.