പത്തനംതിട്ട: പന്തളത്ത് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനത്തില്‍ ഏകോപനമില്ലെന്ന പരാതി രൂക്ഷം. റവന്യൂ, ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ ഏകോപനം ഇല്ലായ്‌മയാണ് പ്രശ്നങ്ങൾക്ക് കാരണം. അടൂർ മണ്ഡലത്തില്‍ ഇരുപത്തിരണ്ടോളം കൊവിഡ് കെയർ സെന്‍ററുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ഏഴ് സെന്‍ററുകൾ മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. നിരീക്ഷണ കേന്ദ്രങ്ങളായി തീരുമാനിച്ച കെട്ടിടങ്ങളുടെ താക്കോല്‍ കൈമാറാൻ ഉടമകൾ വിമുഖത കാട്ടുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
പന്തളത്ത് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു - പത്തനംതിട്ട കൊവിഡ് വാർത്ത
നിരീക്ഷണ കേന്ദ്രങ്ങളായി തീരുമാനിച്ച കെട്ടിടങ്ങളുടെ താക്കോല്‍ കൈമാറാൻ ഉടമകൾ വിമുഖത കാട്ടുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
പന്തളം നഗരസഭയിൽ നാല് കേന്ദ്രങ്ങളും തുമ്പമണ്ണിൽ രണ്ടും പന്തളം തെക്കേക്കരയിൽ ഒരു സെന്‍ററുമാണ് തുടങ്ങാൻ തീരുമാനിച്ചത്. ഇവയില്‍ മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. നിരീക്ഷണ കേന്ദ്രങ്ങളുടെ വിവരം അതിർത്തികളിലേക്ക് നൽകിയത് അനുസരിച്ചു പാസിൽ അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ നിരീക്ഷണത്തിനായി എത്തുമ്പോഴാണ് ഇവയുടെ പ്രവർത്തനം തുടങ്ങിയില്ലെന്ന് അറിയുന്നത്. മെയ് നാല് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ അമ്പതോളം പേരാണ് പന്തളം നഗരസഭ, കുളനട, പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളിൽ എത്തിയത്. ഇവരിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും സ്വന്തം വീടുകളിലേക്കാണ് പോയത്.
കഴിഞ്ഞ ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്നു വീടുകളിലേക്ക് പോയവരെ വീണ്ടും നിരീക്ഷണ കേന്ദ്രത്തിലാക്കാൻ പന്തളം നഗരസഭയിൽ നടക്കുന്ന നീക്കവും പരാതിക്കിടയാക്കുന്നുണ്ട്. ഇവർ താമസിക്കുന്ന വീടുകൾ നിരീക്ഷണ കേന്ദ്രങ്ങൾ ആക്കണമെന്നാണ് ആവശ്യം. പാസിനായി രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം സെക്രട്ടറിമാർക്കും മെഡിക്കൽ ഓഫീസർ മാർക്കുമാണ് ലഭിക്കുന്നത്. ഇവരാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡിഡിപിക്കും ലിസ്റ്റ് കൈമാറുന്നത്. വിവരം കൈമാറുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും മെഡിക്കൽ ഓഫീസർമാർക്കും വീഴ്ച സംഭവിച്ചതായി പറയുന്നു.