പത്തനംതിട്ട: പ്രളയത്തിന് ശേഷം ഇതുവരെ പമ്പ -ത്രിവേണിയിൽ കൂട്ടിയിട്ടിരിക്കുന്ന മണൽ നീക്കം ചെയ്യാനായില്ല. മഴക്കാലത്ത് മണൽ ഒലിച്ച് പോയാൽ സാമ്പത്തിക നഷ്ടത്തിന് പുറമെ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ആശങ്കയിലാണ് സർക്കാർ.
മണൽ നീക്കം : ദേവസ്വം ബോർഡും വനംവകുപ്പും തമ്മിൽ തർക്കം രൂക്ഷം - പത്തനംതിട്ട
മണൽ ഒലിച്ച് പോയാൽ സാമ്പത്തിക നഷ്ടത്തിന് പുറമെ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ആശങ്കയിലാണ് സർക്കാർ.
പ്രളയത്തിൽ നദിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച് ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ തർക്കം അനിശ്ചിതമായി തുടരുകയാണ്. പ്രളയത്തിൽ അടിഞ്ഞ മണൽ നദിയുടെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ ദേവസ്വം ബോർഡിന് സന്നിധാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പതിനായിരം ഘനമീറ്ററും പമ്പ- നിലക്കൽ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അയ്യായിരം ഘനമീറ്റർ മണലും അനുവദിച്ചിരുന്നു. ഇതനുസരിച്ച് മണൽവാരാൻ ദേവസ്വം ബോർഡ് കരാറും നൽകി. എന്നാൽ നദിയിൽ നിന്ന് മണൽ വാരരുതെന്ന് കാണിച്ച് വനം വകുപ്പ് നോട്ടീസ് നൽകിയതോടെ മണൽ നീക്കം ചെയ്യുന്നത് നിലച്ചു. എന്നാൽ മഴക്കാലം ആരംഭിച്ചതോടെ മണൽ ഒലിച്ച് പോകാൻ ആരംഭിച്ചിട്ടുണ്ട്.
മഴക്കാലത്ത് ഈ മണൽ ഒഴുകിപ്പോയാൽ ജലസ്രോതസ്സുകൾ അടയുന്നതിനും കൃഷിയിടങ്ങൾ ഉപയോഗ ശൂന്യമാകുന്നതിനും ഇടയാക്കുമെന്നാണ് ആശങ്ക. മണലിന്‍റെ അളവും ഗുണനിലവാരവും കണക്കാക്കുന്നതിലെ അവ്യക്തത, ടെണ്ടർ നടപടിയിലെ നൂലാമാലകളും മണൽ കൊണ്ട് പോകുന്നതിനുള്ള ചിലവും പദ്ധതി ഏറ്റെടുക്കാൻ കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു.