കേരളം

kerala

ETV Bharat / state

ഭക്തിനിര്‍ഭരമായി ശബരിമലയില്‍ പടിപൂജ - ശബരിമല

പൂജാ ചടങ്ങുകൾക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരര് നേതൃത്വം നൽകി. മേൽശാന്തി സുധീർ നമ്പൂതിരി മുഖ്യ സഹായിയായി

ഭക്തിനിര്‍ഭരമായി പടിപൂജ

By

Published : Nov 19, 2019, 9:56 PM IST

Updated : Nov 20, 2019, 7:07 AM IST

ശബരിമല: ശബരിമലയിലെ ഏറ്റവും പ്രധാന പൂജകളിൽ ഒന്നാണ് പടിപൂജ. ശബരിമലയിലെ പ്രതിഷ്‌ഠയ്ക്ക് സമാനമായ പ്രാധാന്യമാണ് സന്നിധാനത്തെ പതിനെട്ട് പടികൾക്കും നൽകിയിട്ടുളളത്. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുള്ളതായാണ് വിശ്വാസം. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ് ഈ പടികൾ പ്രതിനിധാനം ചെയ്യുന്നത്. ജീവനും സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നും ഭക്തർ വിശ്വസിക്കുന്നു. ശബരിമലയ്ക്ക് ചുറ്റുമുള്ള മലകളിലെ ദൈവങ്ങൾക്കായുള്ള പൂജയാണ് പടിപൂജ. ഏറ്റവും ചിലവേറിയതും പടിപൂജക്കാണ്.

ഭക്തിനിര്‍ഭരമായി ശബരിമലയില്‍ പടിപൂജ

ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ നടത്തുക. ഭക്തരെ നടപന്തലിൽ തടഞ്ഞ ശേഷം പടികള്‍ കഴുകി അവയുടെ മുകളില്‍ പട്ട് വിരിച്ച് പട്ടിന്‍റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. പടിയുടെ ഇരുവശത്തും നിലവിളക്കും നാളീകേരവും പൂജാ സാധനങ്ങളും വയ്ക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ പത്മമിട്ട് ക്ഷേത്ര തന്ത്രി പതിനെട്ട് കലശം പൂജിച്ച് ഓരോ പടിയിലും പീഠപൂജയും മൂര്‍ത്തീപൂജയും നടത്തി കലശാഭിഷേകവും നിവേദ്യവും നടത്തുന്നു. നിവേദ്യം ശ്രീകോവിലില്‍ അയ്യപ്പന് സമര്‍പ്പിച്ച ശേഷം കര്‍പ്പൂരാരതി ഉഴിയുന്നതോടെയാണ് പൂജാ ചടങ്ങുകൾക്ക് സമാപനമാകുന്നത്.

പൂജാ ചടങ്ങുകൾക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരര് നേതൃത്വം നൽകി. മേൽശാന്തി സുധീർ നമ്പൂതിരി മുഖ്യ സഹായിയായി. ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ശബരിമലയിലെ വിശേഷാൽ പൂജയാണിത്. മണ്ഡലകാലത്തും മകരവിളക്ക് കാലത്തും തീര്‍ത്ഥാടകരുടെ തിരക്കു കാരണം പടിപൂജ നടത്താറില്ല. മാസപൂജാ കാലത്തും ചിത്തിര ആട്ട വിശേഷമാണ് നടത്തുക. പ്രളയത്തെ തുടർന്ന് അന്ന് നടത്താൻ കഴിയാതിരുന്ന പൂജയാണ് ഇന്നും തുടർന്നുള്ള അഞ്ച് ദിവസങ്ങളിലുമായി നടത്തുന്നത്. 75,000 രൂപ പൂജക്കായി ദേവസ്വത്തിൽ അടയ്ക്കണം. ഇത് കൂടാതെ ഒരു ലക്ഷത്തിനുമേൽ ചിലവ് വരും പൂജാ നടത്തിപ്പിന്. 2050 വരെയുള്ള പടിപൂജ ശബരിമലയിൽ ഭക്തർ ബുക്ക് ചെയ്‌തു കഴിഞ്ഞു.

Last Updated : Nov 20, 2019, 7:07 AM IST

ABOUT THE AUTHOR

...view details