പത്തനംതിട്ട: പ്രതികൂല കാലാവസ്ഥയ്ക്കും കൊവിഡ് ദുരിതങ്ങൾക്കുമിടയിലും ചിങ്ങകൊയ്ത്തു സ്വപ്‌നം കണ്ട് നിലമൊരുക്കുകയാണ് നെൽ കർഷകർ. ജില്ലയിൽ തുടർച്ചയായി ലഭിച്ച മഴ മൂലം പാട ശേഖരങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് തുടക്കത്തിൽ തന്നെ കർഷകർക്ക് പ്രതികൂലാവസ്ഥ സൃഷ്ടിച്ചു. എങ്കിലും വെള്ളം തോടുകളിലേക്ക് ഒഴുക്കി ഞാറുനടീലിനും വിതയ്ക്കുമായി നിലമൊരുക്കുകയാണ് കർഷകർ.
പ്രതിസന്ധികളിലും ചിങ്ങക്കൊയ്ത്തിന്‍റെ പ്രതീക്ഷയിൽ നിലമൊരുക്കി നെൽകർഷകർ പ്രതിസന്ധികൾ നിറഞ്ഞ നെൽകൃഷിയിൽ നഷ്‌ടക്കണക്കാണ് പല കർഷകർക്കും പറയാനുള്ളത്. എങ്കിലും ജീവിത മാർഗമായ കൃഷി ഉപേക്ഷിക്കാൻ പലരും തയ്യാറല്ല. പരമ്പരാഗത കർഷകനായ ഏനാത്ത് സ്വദേശി എബ്രഹാം ഫിലിപ്പ് ചിങ്ങ കൊയ്ത്തു ലക്ഷ്യമിട്ട് കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ്. ഏഴാംകുളം പഞ്ചായത്തിലെ കരിപ്പാൽ ഏലായിൽ യന്ത്രമുപയോഗിച്ച് നിലമൊരുക്കുന്ന ജോലികളുമായി തിരക്കിലാണ് ഇവിടുത്തെ കർഷകർ.
അൻപതേക്കറോളം വരുന്ന ഏലായിൽ ഒരു കാലത്ത് നിറയെ നെൽകൃഷിയായിയുന്നു. എന്നാൽ ഇന്നത് അഞ്ചേക്കറിലേക്ക് ചുരുങ്ങി. ഭൂരിഭാഗവും തരിശു കിടക്കുന്നു. കുറെയൊക്കെ കരകൃഷിയിലേക്ക് മാറി. സർക്കാർ വാഗ്‌ദാനം ചെയ്‌ത സഹായങ്ങൾ കൃത്യമായി ലഭിക്കാത്തതും കാർഷിക വിളകൾക്ക് ന്യായമായ വില ലഭിക്കാത്തതുമെല്ലാം കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുകയാണെന്ന് എബ്രഹാം പറയുന്നു. ഏലയിലെ കർഷകരിൽ നിന്നും സപ്ലൈകോ ശേഖരിച്ച നെല്ലിന്‍റെ വില ഇതുവരെ ലഭിച്ചിട്ടില്ല. സപ്ലൈകോയിൽ അന്വേഷിക്കുമ്പോൾ ബിൽ പാസായിട്ടുണ്ടെന്നും ബാങ്കിൽ അന്വേഷിക്കുമ്പോൾ ചെക്ക് ലഭിച്ചിട്ടില്ലെന്ന മറുപടിയുമാണ് ലഭിക്കുന്നതെന്നും എബ്രഹാം പരാതിപ്പെടുന്നു.
Also Read: കേദാർനാഥ് ദുരന്തത്തിന് എട്ടാണ്ട്, എത്ര പേർ മരിച്ചെന്നതിന് ഇന്നും കൃത്യമായ കണക്കില്ല
കർഷകർക്ക് കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകുമെന്ന് അധികൃതർ പറയുമ്പോഴും പലതും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണ് പതിവെന്നും എബ്രഹാം പറഞ്ഞു. കരിപ്പാൽ ഏലായിലേക്ക് കാർഷിക യന്ത്രങ്ങളിറക്കാൻ മതിയായ സൗകര്യം വേണമെന്നും വേനൽകാലത്തു കൃഷിക്ക് വെള്ളമെത്തിക്കാനുള്ള ബണ്ടിന്‍റെ ശോച്യാവസ്ഥയ്ക്കു പരിഹാരം വേണമെന്നും ഈ കർഷകൻ പറയുന്നു.