പത്തനംതിട്ട:സഭാതർക്കത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളിപ്പരിസരങ്ങളിൽ പോസ്റ്ററുകള്‍. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഓശാന ഞായറാഴ്‌ചയായ ഇന്ന് പുലർച്ചെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. 'സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം' എന്നും 'ചര്‍ച്ച് ബില്ലില്‍ പിണറായി വിജയന്‍ നീതി നടപ്പാക്കണം' എന്നുമാണ് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ വാചകങ്ങള്‍. 'ഓര്‍ത്തഡോക്‌സ് യുവജനം' എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. വീണ ജോര്‍ജിന്‍റെ ഇടവകയായ കുമ്പഴ പള്ളിപ്പരിസരത്തും വീണയുടെ ഭർത്താവിന്‍റെ ഇടവകയായ ചന്ദനപ്പള്ളി പള്ളിപ്പരിസരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.