പത്തനംതിട്ട: പതിനേഴുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കൂടല്‍ സെന്‍റ്‌മേരിസ് ഓര്‍ത്തഡോക്‌സ് മഹാഇടവകയിലെ വൈദികന്‍ പോള്‍സണ്‍ ജോണിന്(35) എതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടിയെടുത്തു. വൈദികനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും സഭ മാറ്റി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപൊലീത്തയാണ് വൈദികന് എതിരെ നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭ ഉത്തരവും പുറപ്പെടുവിച്ചു.
അതിജീവതയുടെ കുടുംബം ഹൈന്ദവ വിശ്വാസികളാണ്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഫാ. പോൾസണ്‍ കൗണ്‍സിലിങ് നല്‍കാറുണ്ട്. ഇത്തരത്തിലുള്ള കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചത്. അതിജീവിതയോടൊപ്പം സഹോദരനും കൗണ്‍സിലിങ്ങില്‍ പങ്കെടുത്തിരുന്നു.
രണ്ട് പേര്‍ക്കും പ്രത്യേകം പ്രത്യേകമായി അടിച്ചിട്ട മുറിയിലാണ് പോള്‍സണ്‍ കൗണ്‍സിലിങ് നല്‍കിയത്. സഹോദരനെ ഉപദേശിക്കുകയും തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്‌പ്പോള്‍ പെണ്‍കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. മാര്‍ച്ച് 12,13 തീയതികളില്‍ രാത്രിയാണ് പീഡനം നടന്നത്.
മാര്‍ച്ച് 12ന് രാത്രി എട്ടരയോടെ ഇയാളുടെ വീട്ടിൽ വച്ച് പ്രാര്‍ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം, പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടി. മാര്‍ച്ച് 13ന് രാത്രി പത്തരയോടെ പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്.പെണ്‍കുട്ടി തന്‍റെ സഹപാഠിയോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു.