പത്തനംതിട്ട: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ കാറില്‍ നിന്ന് ഹൃദയം, കരൾ ഉൾപ്പെടെ അവയവങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ 'പണം തട്ടിയെടുക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദുർമന്ത്രവാദ തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ പരിശോധനയിൽ അവയവ ഭാഗങ്ങൾ ആടിന്‍റേതാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും തമിഴ്‌നാട് തേനിയിലേക്ക് പോയ സ്കോർപ്പിയോ വാഹനം ഉത്തമപാളയത്ത് നിന്നാണ് പൊലീസ് പരിശോധനയിൽ പിടിയിലാകുന്നത്.
സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ അലക്‌സ് പാണ്ഡ്യൻ, മുരുകൻ എന്നിവരെയും സംഭവത്തിൽ ഉൾപ്പെട്ട ഡേവിഡ് പ്രതാപ് സിംഗ് എന്ന ജെയിംസ് സ്വാമിയേയുമാണ് കസ്റ്റഡിയിലെടുത്തത്. പൂജ ചെയ്‌ത മനുഷ്യന്‍റെ അവയവ ഭാഗങ്ങളാണിവയെന്നും വീട്ടില്‍ വച്ചാല്‍ സമ്പത്ത് കൈവരുമെന്നും വിശ്വസിപ്പിച്ച് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്.
പണം തട്ടാൻ ദുർമന്ത്രവാദ തട്ടിപ്പ്; തേനിയില്‍ താമസിക്കുന്ന ഡേവിഡ് പ്രതാപ് സിങ് എന്ന ജയിംസ് സ്വാമിയാണ് മന്ത്രവാദിയുടെ അടുത്ത് കൊണ്ടു പോയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് തമിഴ്‌നാട് പൊലീസ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. ഇതോടെ പരുമല നാക്കട പാലച്ചുവട് സ്വദേശിയും നേരത്തെ കള്ള നോട്ട് കേസിൽ പ്രതിയുമായ ചെല്ലപ്പനെ പത്തനംതിട്ട ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഉേദ്യാഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ വാഹനത്തിൽ നിന്നും പൊലീസ് മനുഷ്യന്‍റെ അവയവ ഭാഗങ്ങൾ പിടിച്ചു എന്ന രീതിയിൽ വാർത്ത പരന്നു. പൂജ ചെയ്‌ത നിലയിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന സംശയവും വർധിപ്പിച്ചു.
പൊലീസ് പറയുന്ന കഥ: 'മഹാമന്ത്രവാദി' യെന്ന് വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിച്ച് തമിഴ്‌നാട്ടിൽ നിന്നുളള ദുർമന്ത്ര വാദത്തിൽ വിശ്വസിക്കുന്നവരെ മുതലെടുത്തുക്കൊണ്ട് തട്ടിപ്പ് നടത്തി വരികയായിരുന്നു ചെല്ലപ്പനും തമിഴ്‌നാട്ടിൽ നിന്നുളള ഏജന്‍റ് ജെയിംസ് സ്വാമിയും. ചുട്ട കോഴിയെ പറപ്പിക്കുന്ന ബ്രഹ്മാണ്ട മന്ത്രവാദിയാണ് ചെല്ലപ്പൻ എന്നാണ് ജെയിംസ് സ്വാമി ഇരകളാക്കുന്ന വിശ്വാസികളെ ധരിപ്പിക്കുന്നത്. കള്ള നോട്ട് കൊടുക്കാമെന്നു പറഞ്ഞു നാട്ടുകാരെ പറ്റിച്ച കേസിലും പ്രതിയാണ് 'മഹാമാന്ത്രവാദി' ചെല്ലപ്പൻ. പൊലീസ് ചെല്ലപ്പനെ ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിന്‍റെ രീതികൾ പുറത്തു വരുന്നത്.