പത്തനംതിട്ട: കഞ്ചാവുമായി തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയ യുവാവ് പിടിയിൽ. പത്തനംതിട്ട വലഞ്ചുഴി മുരുപ്പേൽ സ്വദേശി സഫദ് മോനാണ് (27) പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ചെന്നൈ മെയിലിലാണ് ഇയാൾ തിരുവല്ല സ്റ്റേഷനിൽ വന്നിറങ്ങിയത്.
ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന എട്ടു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ചെന്നൈ എക്‌സ്പ്രസിൽ വന്നിറങ്ങിയ ഇയാൾ ചെങ്ങന്നൂരിലേയ്ക്കാണ് ടിക്കറ്റ് എടുത്തതെങ്കിലും തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകർ മഹാജന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ല ഡാൻസാഫ് ടീമും തിരുവല്ല പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.