പത്തനംതിട്ട : വിദേശ രാജ്യങ്ങളിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം കുത്തിവയ്‌പ്പ് എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Also Read: Covid Variant Omikron | ഒമിക്രാൺ വകഭേദം : കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി
കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങൾ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുവരുന്നവരെ നിരീക്ഷിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സംസ്ഥാനത്ത് എത്തിയ ശേഷം വിമാനത്താവളങ്ങളിൽ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
എല്ലാ വിമാനത്താവളങ്ങളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്‍റൈനില്‍ ഇരിക്കണം. അതിനുശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്‍റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ അയയ്ക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.