പത്തനംതിട്ട : മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ സന്യാസി വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ ഇളയമകൾ ദിവ്യ പി ജോൺ (21) നെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ പൊലീസ് സർജന്‍റെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന പോസ്റ്റ്‌മോർട്ടത്തില്‍ മുങ്ങി മരണമാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസ്വാഭികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിലുളളതെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ പൊലീസ് മേധാവി കെജി സൈമൺ സംഭവസ്ഥലം സന്ദർശിച്ചത്തിനു പിന്നാലെ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ദരുമെത്തി തെളിവുകൾ ശേഖരിച്ചു. മരണപ്പെട്ട ദിവ്യയുടെ ശരീരത്തിന്‍റെ വ്യാസവും കിണറിന്‍റെ ഇരുമ്പ് മേൽമൂടിയുടെ വലുപ്പവും പൊലീസ് രേഖപ്പെടുത്തി.
കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ വിദ്യാർഥി മരിച്ച സംഭവം; മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പോസ്റ്റ്‌മോർട്ടത്തില്‍ മുങ്ങി മരണമാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസ്വാഭികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിലുളളതെന്നും റിപ്പോർട്ട്
തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിനിയാണ് ദിവ്യ. സംഭവത്തിനു മുന്നോടിയായി നടന്ന പഠന ക്ലാസിൽ മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ജോർജ്ജിയ ദിവ്യയെ വഴക്കു പറഞ്ഞിരുന്നു. ഇതിന്‍റെ പ്രകോപനത്തിൽ ദിവ്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പഠന ക്ലാസിനുശേഷം മുറിവിട്ടിറങ്ങി പുറത്തുപോയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളും പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഫോറൻസിക് സംഘത്തിന്‍റെ റിപ്പോർട്ട് കൂടി ലഭിച്ചാലേ ഇതുസംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. ദിവ്യയുടെ സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് ചുങ്കപ്പാറ സെന്‍റ് ജോർജ്ജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും. ഹൈദരാബാദിൽ സിആർപിഎഫ് ഉദ്യോഗസ്ഥനായ ദിവ്യയുടെ പിതാവ് ജോൺ ഫിലിപ്പോസ് വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തിയിരുന്നു.