പത്തനംതിട്ട :പന്തളം എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ എബിവിപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു (NSS College Pandalam SFI ABVP Clash). കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോമിനേറ്റ് ചെയ്‌ത എബിവിപി നേതാവ് ഉള്‍പ്പടെയുള്ള രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് നടപടി. ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്‌ത കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിഭാഗം വിദ്യാര്‍ഥി സുധി സദന്‍, കൊട്ടാരക്കര സ്വദേശി വിഷ്‌ണു എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
കോളജിൽ നടന്ന സംഘർഷത്തിൽ കണ്ടാലറിയുന്ന 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പന്തളം പൊലീസ് കേസെടുത്തിരുന്നത്. കേസിലെ ഒന്നാംപ്രതിയായ വിഷ്ണുവിനെയും സുധി സദനെയും ബുധനാഴ്‌ചയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അറസ്റ്റ് ആസൂത്രിതമാണെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.
ഡിസംബര്‍ 21 ന് ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു പന്തളം എന്‍എസ്എസ് കോളജില്‍ എസ്എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഭിന്നശേഷിക്കാരനായ ഒരു വിദ്യാര്‍ഥി ഉള്‍പ്പടെ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ, ഏഴാംകുളത്ത് എബിവിപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി.
ഈ ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആണെന്നായിരുന്നു എബിവിപിയുടെ ആരോപണം. എബിവിപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായ ദിവസം തന്നെ പ്രദേശത്തെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. പന്തളം ടൗണിന് സമീപത്തുള്ള ആര്‍എസ്എസ് താലൂക്ക് കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം.