പത്തനംതിട്ട:'പന്ത്രണ്ട്' സിനിമയ്‌ക്ക് എതിരെ വക്കീല്‍ നോട്ടിസുമായി തിരക്കഥാകൃത്ത് ഷാജി കാരയ്‌ക്കല്‍. ചിത്രത്തിന്‍റെ തിരക്കഥ തന്‍റേത് ആണെന്ന അവകാശവാദം ഉന്നയിച്ച് സിനിമയുടെ അണിയറക്കാര്‍ക്ക് എതിരെയാണ് തിരക്കഥാകൃത്ത് രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ലിയോ തദേവൂസ്, നിര്‍മാതാവ് വിക്‌ടര്‍ എബ്രഹാം ഉൾപ്പെടെയുള്ളവർക്കാണ് വക്കീല്‍ നോട്ടിസ് അയച്ചത്.
ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചത്. പത്തനംതിട്ടയിൽ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019 മേയ് ഒന്നിന് താന്‍ എഴുതിയ 'ഈശോ വക്കീലാണ്' എന്ന തിരക്കഥയാണ് ചെറിയ മാറ്റങ്ങളോടെ 'പന്ത്രണ്ടി'ലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഷാജിയുടെ പരാതി.