പത്തനംതിട്ട:തിരുവല്ല കവിയൂരിൽ ഒഴിഞ്ഞ പുരയിടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കവിയൂർ പഞ്ചായത്തിൽ 14 വാർഡ് പനമ്പള്ളി വെയിറ്റിങ് ഷെഡിന് പുറകിലായി കവിയൂർ തയ്യില്‍ സ്വദേശി ജോര്‍ജിന്‍റെ പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവം പുറംലോകമറിയുന്നത് ഇങ്ങനെ:വ്യാഴാഴ്‌ച രാവിലെ അഞ്ചരയോടെ സമീപവാസിയായ റെനി കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് അന്വേഷിച്ചപ്പോഴാണ് നവജാത ശിശുവിനെ കണ്ടത്. തുടര്‍ന്ന് ഇക്കാര്യം പ്രദേശവാസികളെ അറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ കുഞ്ഞ് നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്‍റെ ആരോഗ്യം തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനിച്ചയുടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: പ്രസവിച്ച ഉടൻ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി: അവിവാഹിത അറസ്‌റ്റിൽ
മുമ്പ് കുഞ്ഞിനെ വില്‍പന നടത്തിയ സംഭവവും:അടുത്തിടെ തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ കുഞ്ഞിനെ വിറ്റ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കാഞ്ഞിരംകുളം സ്വദേശി അഞ്‌ജുവിനെ തമ്പാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം മാരായമുട്ടത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് യുവതി പൊലീസ് പിടിയിലായത്.
സംഭവം ഇങ്ങനെ:11 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കരമന സ്വദേശിയായ യുവതിക്ക് മൂന്ന് ലക്ഷം രൂപക്ക് ഇവര്‍ വില്‍പന നടത്തുകയായിരുന്നു. സംഭവം ഏപ്രില്‍ 21 ന് വാര്‍ത്താമാധ്യമങ്ങളിലുമെത്തി. ഇതോടെ ശിശു ക്ഷേമ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്‌കുമാറും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കുഞ്ഞിന്‍റെ അമ്മ അഞ്‌ജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കുഞ്ഞിനെ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ വില്‍പന നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് മന്ത്രി വീണ ജോര്‍ജും നിര്‍ദേശം നൽകിയിരുന്നു.
പ്രതികരണവുമായി കുഞ്ഞിനെ സ്വീകരിച്ച യുവതി:കുഞ്ഞിനെ വാങ്ങിയത് വളര്‍ത്താനാണെന്ന പ്രതികരണവുമായി കുട്ടിയെ വാങ്ങിയ യുവതിയും രംഗത്തെത്തിയിരുന്നു. മുന്‍നിശ്ചയ പ്രകാരമായിരുന്നു വിൽപനയെന്നും സുഹൃത്തിന്‍റെ പക്കല്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നുമായിരുന്നു ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് തൈക്കാട് ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 17 തിങ്കളാഴ്‌ചയോടെയായിരുന്നു സംഭവമറിഞ്ഞ് പൊലീസും ശിശു ക്ഷേമ സമിതി പ്രവര്‍ത്തകരും വീട്ടിലെത്തിയതെന്നും യുവതി പറഞ്ഞിരുന്നു. ഇവര്‍ യുവതിയുടെ കൈയില്‍ നിന്നും കുഞ്ഞിനെ തിരികെ വാങ്ങുകയായിരുന്നു.
Also Read: 'ദത്തെടുക്കാനായില്ല, കുഞ്ഞിനെ വാങ്ങിയത് വളർത്താൻ'; വിൽപ്പന മുൻ നിശ്ചയിച്ച പ്രകാരമെന്ന് കുഞ്ഞിനെ വാങ്ങിയ യുവതി