പത്തനംതിട്ട:നേപ്പാളിലെ പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് മരിച്ചവരിൽ മല്ലപ്പളളിയിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരും ഉൾപ്പെടുന്നു. മല്ലപ്പള്ളി ആനിക്കാട് നൂറോന്മാവില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന് മടങ്ങിയ അഞ്ചംഗ നേപ്പാൾ സംഘത്തിലെ മൂന്ന് സുവിശേഷകർക്കാണ് ജീവൻ നഷ്‌ടമായത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്.
ദീപക്, ശരൺ എന്നിവരാണ് സംഘത്തിലെ മറ്റ് രണ്ട് പേർ. ചടങ്ങുകൾക്ക് ശേഷമുള്ള മടക്ക യാത്രയിൽ സംഘത്തിൽ ഉണ്ടായിരുന്ന ഇവർ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചതിനാല്‍ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നേപ്പാളിലെ നാദിപ്പൂരിലെ പള്ളിയില്‍ കഴിഞ്ഞ 45 വര്‍ഷമായി സുവിശേഷവേല ചെയ്‌തിരുന്ന ആനിക്കാട് നൂറോന്മാവ് തൊമ്മിക്കാട്ട് വീട്ടില്‍ മാത്യു ഫിലിപ്പിന്‍റെ (കുട്ടച്ചന്‍-76) സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ജനുവരി 13) അഞ്ചംഗ സംഘം നേപ്പാളില്‍ നിന്ന് വന്നത്.
കാന്‍സര്‍ ബാധിതനായി രണ്ടു വര്‍ഷം മുന്‍പ് നാട്ടിലെത്തിയ മാത്യു ഫിലിപ്പ് കഴിഞ്ഞ 11നാണ് മരിച്ചത്. സംസ്‌കാരം നിശ്ചയിച്ചിരുന്നത് 13നാണ്. രാത്രി ഏഴു മണിയോടെ സംസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞ് അഞ്ചംഗ സംഘം മടങ്ങി.
കൊച്ചിയില്‍ നിന്ന് മുംബൈയില്‍ എത്തിയ സംഘം അവിടെ നിന്ന് കാഠ്‌മണ്ഡുവിനുള്ള വിമാനത്തിനാണ് പോയത്. തുടർന്ന്, ദീപക്, ശരണ്‍ എന്നിവര്‍ കാഠ്‌മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ഇറങ്ങി. മറ്റ് മൂന്നു പേരും യതി എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ പൊഖാറയിലേക്ക് പോവുകയായിരുന്നു. മൂവരും മരിച്ച വിവരം ദീപകും ശരണും തന്നെയാണ് നാട്ടിലുള്ളവരെ അറിയിച്ചത്.