പത്തനംതിട്ട: ഇലന്തൂരുകാരുടെ ചങ്ക് പൊടിഞ്ഞിരിക്കുവാ.... ഞങ്ങടെ പെൺകുഞ്ഞുങ്ങളെ കെട്ടികൊണ്ട് പോകാൻ പോലും ഈ നാട്ടിലാരും വരില്ല. രണ്ടെണ്ണത്തിനെയും ഞങ്ങൾക്ക് വിട്ടു താ സാറേ... ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളായ ഭഗവൽ സിങ്ങിനെയും ഭാര്യ ലൈലയേയും വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള നാട്ടുകാരുടെ പ്രതികരണമാണിത്.
സ്‌ത്രീകള്‍ ഉള്‍പ്പെടെ കടുത്ത ഭാഷയിലാണ് പ്രിതികള്‍ക്ക് നേരെ പ്രതികരണവുമായെത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് സംഭവസ്ഥലത്തേയ്‌ക്ക് ദിനംപ്രതി എത്തുന്നത്. പ്രതികളായ ഭഗവൽ സിങ്ങിനെയുെം ഭാര്യ ലൈലയേയും ഇന്ന് ഇലന്തൂരിലെ വീട്ടിലും കടയിലുംഎത്തിച്ചു തെളിവെടുപ്പ് നടത്തി
'ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കെട്ട് എങ്ങനെ നടത്തും... ഇറക്കി വിട് അവരെ': തകര്‍ന്ന ഹൃദയവുമായി ഇലന്തൂരിലെ നാട്ടുകാര്‍ ഇരകളുടെ ശരീരം മുറിക്കാന്‍ കത്തി വാങ്ങിയെന്നും ഇരകളുടെ മൊബൈൽ ഫോൺ വീടിനു മുന്നിലായുള്ള തോട്ടിൽ എറിഞ്ഞെന്നുമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ തെളിവെടുപ്പ്. പത്തനംതിട്ട ടൗണില്‍ പൊലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള കത്തി വില്‍പ്പന കേന്ദ്രത്തിലാണ് ഭഗവല്‍ സിങ്ങിനെ ആദ്യം ഇറക്കി തെളിവെടുത്തത്. തുടര്‍ന്ന് ഇലന്തൂരില്‍ കൊലപാതകം നടന്ന വീടിന് അടുത്തുള്ള തോട്ടില്‍ ഇരകളുടെ ഫോണ്‍ വലിച്ചെറിഞ്ഞുവെന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തി.
പത്തനംതിട്ട മാര്‍ക്കറ്റ് റോഡില്‍ പൊലീസ് സ്‌റ്റേഷന് മുന്നിലുള്ള കടയില്‍ നിന്നാണ് കത്തി വാങ്ങിയതെന്ന് ഭഗവല്‍സിങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്‌ച ഉച്ചക്ക് 12.30ന് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഇരുവരുടെയും മുഖം മറച്ചിരുന്നു.
ഭഗവല്‍സിങ്ങിനെ മാത്രമാണ് തെളിവെടുപ്പിനായി പുറത്തേക്ക് ഇറക്കിയത്. പാലക്കാട് സ്വദേശികള്‍ ഓണത്തോടനുബന്ധിച്ച് ആരംഭിച്ച കടയില്‍ നിന്നാണ് ഇവര്‍ കത്തി വാങ്ങിയത്. കടയിലെ ജോലിക്കാര്‍ക്ക് ഭഗവല്‍ സിങ്ങിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ചില ജോലിക്കാര്‍ മാറുകയും ചെയ്‌തു.
ഇതിന് ശേഷം പ്രതികളെ മറ്റൊരു വഴിയിലൂടെ ഇലന്തൂരിലെ വീട്ടില്‍ കൊണ്ടു വന്നു. ഇവിടെ ഷാഫിയുടെ മൊഴിപ്രകാരം തോട്ടില്‍ ഇരകളുടെ ഫോണിനായി ഭഗവല്‍ സിങ്ങുമായി തെരച്ചില്‍ നടന്നു. ഈ സമയം ലൈലയെ വീടിനുള്ളിൽ കയറ്റി തെളിവെടുപ്പും ചോദ്യം ചെയ്യലും നടന്നു.
മൊബൈൽ തോട്ടിലേക്ക് എറിഞ്ഞ രീതി ഭഗവല്‍ സിങ് പൊലീസിന് കാണിച്ചു കൊടുത്തു. എന്നാൽ തോട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെത്താനായില്ല. തോട്ടിൽ നിന്നും ശേഖരിച്ച ചെളി പരിശോധനയ്ക്കായി കൊണ്ടുപോയി.