പത്തനംതിട്ട :ശബരിമലയിൽ ദർശനത്തിനെത്തുന്ന ഒരു ഭക്തന്‍റെയും കണ്ണുനീർ വീഴ്‌ത്തില്ലെന്ന് പട്ടിക ജാതി - പട്ടിക വർഗ - ദേവസ്വം - പാർലമെന്‍ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. തീർഥാടകരുടെ സൗകര്യ ക്രമീകരണ സംവിധാനങ്ങൾ സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി, തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര്, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, ദേവസ്വം ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (K Radhakrishnan On Sabarimala Crisis).
ബസിൽ യാത്ര ചെയ്‌ത ഒരു കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് തെറ്റായ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എരുമേലിയിൽ നടന്നത്, രക്ഷാകർത്താവ് ആവശ്യങ്ങൾക്കായി ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുട്ടി അച്ഛനെ കാണാതെ ആശങ്കപ്പെട്ടതാണ്. വളരെ പെട്ടെന്ന് തന്നെ അച്ഛൻ തിരിച്ചെത്തിയതോടെ കുട്ടിയുടെ ആശങ്ക പരിഹരിക്കപ്പെട്ടതുമാണ്.
രക്ഷാകർത്താവിനെ കാണാതെ കുട്ടികൾ ആശങ്കപ്പെടുന്നത് സർവ്വസാധാരണമാണ്. മാധ്യമങ്ങൾക്ക് തെറ്റുകൾ ചൂണ്ടിക്കാണിക്കാം, തെറ്റുകൾ പരമാവധി പരിഹരിക്കുകയും ചെയ്യും. അല്ലാതെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
അവധി ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളാണ് കഴിഞ്ഞ 7, 8 തീയതികളിൽ അനുഭവപ്പെട്ടത്. ഈ സീസണിൽ എത്തിച്ചേരുന്നവരിൽ പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരും മുപ്പത് ശതമാനത്തോളമാണ്. വെർച്വൽ ക്യൂ വഴി ബുക്കിങ് പരിമിതപ്പെടുത്തിയാലും മറ്റ് കാനന പാതകളിലൂടെയെല്ലാം അനേകായിരം ഭക്തരാണ് എത്തുന്നത്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.
നിലയ്‌ക്കലിൽ 500 വാഹനങ്ങൾക്ക് കൂടി അധികം പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റൂട്ടിൽ വാഹന പാർക്കിങ് സൗകര്യത്തോടെ, ആളുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സുരക്ഷിത താവളങ്ങൾ സജ്ജമാക്കാൻ പൊലീസിനും വനം വകുപ്പിനും നിർദേശം കൊടുത്തതായും മന്ത്രി അറിയിച്ചു.
പമ്പയിൽ സ്‌ത്രീകൾക്കായി 66 ടോയ്‌ലറ്റ് കോംപ്ലക്‌സ് കൂടി പുതിയതായി സജ്ജമാണ്. കൂടുതൽ ബയോ ടോയ്‌ലറ്റ് സൗകര്യവും ഏർപ്പെടുത്തും. കോടതിയുടെ നിർദേശമനുസരിച്ച് രണ്ട് ആംബുലൻസ് വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ സുരക്ഷ ഉറപ്പാക്കി ആരോഗ്യവകുപ്പിന്‍റെ പുതിയ ആംബുലൻസ് സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കൽ സുരക്ഷാ സംവിധാനം സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്യൂ കോപ്ലക്‌സിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലായിടത്തും ദേവസ്വവും മറ്റ് വകുപ്പുകളും കൃത്യമായി ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ബിസ്കറ്റും ഉറപ്പാക്കുന്നുണ്ട്. വലിയ തിരക്ക് ഉണ്ടാകുമ്പോൾ സംഭവിക്കുന്നതിൽ കൂടുതലായി ഒന്നും ശബരിമലയിൽ നടന്നിട്ടില്ല.
പ്രയാസങ്ങളൊക്കെ പരിശോധിച്ച്, ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്തും. കഴിഞ്ഞ ശബരിമല സീസൺ കഴിഞ്ഞതിന് ശേഷം തന്നെ ഈ സീസൺ മുന്നിൽ കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് സർക്കാർ ദേവസ്വം ബോർഡിനെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് നടത്തുന്നത്.
എന്നാൽ ചിലർ മനഃപൂർവ്വം വിശ്വാസത്തിന്‍റെ പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്. പലപ്പോഴും വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
READ ALSO:ശബരിമലയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി; തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വിവാദങ്ങൾ ഉയരുമെന്നും ദേവസ്വം മന്ത്രി
ശബരിമല സന്നിധാനത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോൺഫറൻറസ് ഹാളിൽ ചേർന്ന യോഗത്തില്‍ കെ യു ജെനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, സ്‌പെഷ്യല്‍ സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം ബോർഡ് മെമ്പർ ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി എൻ രാമൻ, അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് സൂരജ് ഷാജി, ഐജി സ്‌പർജൻ കുമാർ, എഎസ്‌പി തപോഷ് ബസുമതരി, എക്‌സിക്യുട്ടീവ് ഓഫിസര്‍ വി കൃഷ്‌ണകുമാര്‍, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്‌ടർ പ്രമോദ് കുമാർ കെ ആർ, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ശ്യാമപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.