കൂടല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു പത്തനംതിട്ട:അടൂര്‍ പരുത്തപ്പാറയില്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായി ഇന്നലെ തൊടുപുഴയില്‍ കണ്ടെത്തിയ നൗഷാദിനെ കൂടല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഭാര്യക്കൊപ്പം പോകാന്‍ താത്‌പര്യമില്ലെന്നും മക്കളെ തിരികെ വേണമെന്നും നൗഷാദ് പറഞ്ഞു. ഭാര്യ തന്നെ മര്‍ദിച്ചതില്‍ പരാതികളൊന്നുമില്ലെന്നും നൗഷാദ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നൗഷാദിന്‍റെ മാതാപിതാക്കളും എത്തിയിരുന്നു.
അടൂരിലെ പരുത്തപ്പാറയിലെ വാടക വീട്ടില്‍ വച്ച് ഒന്നര വര്‍ഷം മുമ്പ് ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് അവശനായി നിലത്ത് വീണ നൗഷാദ് മരിച്ചെന്ന് കരുതി ഭാര്യയും സുഹൃത്തുക്കളും വീട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേ സമയം കേസില്‍ അഫ്‌സാനയുടെ ജാമ്യം പൊലീസ് എതിര്‍ക്കില്ലെന്നും എന്നാല്‍ പൊലീസിനെ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ട് പോകുമെന്നും പൊലീസ് പറഞ്ഞു. കേസില്‍ നൗഷാദിനെയും അഫ്‌സാനയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
നൗഷാദിന്‍റെ തിരോധാനവും രണ്ട് വര്‍ഷം നീണ്ട കേസും:രണ്ട് വര്‍ഷം മുമ്പ് നൗഷാദും ഭാര്യ അഫ്‌സാനയും പറക്കോട് പരുത്തിപ്പാറയിലെ വാടക വീട്ടില്‍ താമസിച്ച് വരുമ്പോഴാണ് നൗഷാദിനെ കാണാതായത്. സംഭവത്തിന് പിന്നാലെ മകനെ കാണാനില്ലെന്നും പറഞ്ഞ് നൗഷാദിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. 2021 നവംബറിലാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ പിതാവിന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. അതിന് കാരണം പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് ഭാര്യ അഫ്‌സാന നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളായിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആറ് മാസം മുമ്പ് നൗഷാദിനെ അടൂരില്‍ വച്ച് കണ്ടിരുന്നുവെന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞു. എന്നാല്‍ അഫ്‌സാനയെ വീണ്ടും പൊലീസ് ചോദ്യം ചെയ്‌തതോടെ നൗഷാദിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നും മൊഴി നല്‍കി.
ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന ഭാര്യയുടെ മൊഴിയെ തുടര്‍ന്ന് പറക്കോട്ടെ വാടക വീട്ടുവളപ്പില്‍ പൊലീസ് മൃതദേഹത്തിനായി തെരച്ചില്‍ നടത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ അവസാനിപ്പിച്ചിരിക്കവേയാണ് ഇന്ന്(ജൂലൈ 28) രാവിലെ തൊടുപുഴയില്‍ വച്ച് നൗഷാദിനെ കണ്ടെത്തിയത്.
ഭാര്യയുടെ മര്‍ദനത്തെ തുടര്‍ന്നാണ് താന്‍ നാട് വിട്ടുപോയതെന്നാണ് നൗഷാദ് പൊലീസിനോട് പറഞ്ഞത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പറക്കോട്ടെ വാടക വീട്ടില്‍ വച്ച് അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിനിടെ തലക്കേറ്റ അടിയില്‍ നൗഷാദ് ബോധ രഹിതനായി നിലത്ത് വീണു. ഇതോടെ നൗഷാദ് കൊല്ലപ്പെട്ടെന്ന് തെറ്റിദ്ധരിച്ച അഫ്‌സാനയും സുഹൃത്തുക്കളും വാടക വീട് പൂട്ടി രക്ഷപ്പെട്ടു.
സംഭവത്തിന് ശേഷം സ്വബോധം തിരിച്ച് കിട്ടിയ നൗഷാദ് വീട് വിട്ട് തൊടുപുഴയിലെത്തുകയുമായിരുന്നു. ഇരുവരും തമ്മിലുണ്ടായ മര്‍ദനത്തിനിടെ അഫ്‌സാനയ്‌ക്ക് എന്തോ സംഭവിച്ചെന്ന് നൗഷാദും കരുതി. വീട് വിട്ടിറങ്ങിയ നൗഷാദ് പിന്നീട് മൊബൈല്‍ ഫോണിന്‍റെ ഉപയോഗം നിര്‍ത്തുകയും നാട്ടുകാരുമായുള്ള ബന്ധം ഒഴിവാക്കുകയും ചെയ്‌തു. രണ്ടര വര്‍ഷത്തിന് ശേഷം ഇന്നാണ് നൗഷാദിനെ തൊടുപുഴ തൊമ്മന്‍ കുത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയത്.