മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കും - മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രം
ആർദ്രം പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്.
പത്തനംതിട്ട: മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് തീരുമാനമായി. അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ആർദ്രം പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഭാഗമായി 25.5 ലക്ഷം രൂപ മുടക്കി ആശുപത്രി നവീകരിക്കും. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്നും 15.5 ലക്ഷം രൂപയും, എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിക്കുന്നത്. ആശുപത്രിയിൽ പുതിയതായി ലാബ് സജീകരിക്കും. വയോജന സൗഹൃദമായ റാമ്പ്, വിശ്രമസ്ഥലം തുടങ്ങിയവ നിർമിക്കുകയും മരുന്നുവിതരണത്തിന് പുതിയ സ്ഥലം ക്രമീകരിക്കുകയും ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പിന് പ്രത്യേക മുറിയും, ഒപി മുറികളുടെ നവീകരണവും നടപ്പാക്കുമെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞു.