പത്തനംതിട്ട :മൈലപ്രയില്‍ കടക്കുള്ളില്‍ വ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ഒരു വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്ന് വരികയാണ് (Mylapra Murder Case).
വ്യാപാരിയുടേത് കൊലപാതകമാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി ജില്ല പൊലീസ് മേധാവി അജിത് പറഞ്ഞു (Three In Police Custody In Murder Case).
ഇക്കഴിഞ്ഞ ശനിയാഴ്‌ച (ഡിസംബര്‍ 30) വൈകിട്ട് ആറ് മണിയോടെയാണ് മൈലപ്രയിലെ കടക്കുള്ളില്‍ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്‍റെ കഴുത്തില്‍ ഉണ്ടായിരുന്ന ഒന്‍പത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവും മോഷണം പോയതായി പൊലീസ് കണ്ടെത്തി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളാണ് ജോര്‍ജിന്‍റെ ശരീരത്തില്‍ ഉള്ളതെന്ന് ജില്ല പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു (Murder In Pathanamthitta).