പത്തനംതിട്ട: ചന്ദനത്തിന്‍റെ സുഗന്ധവും രാമച്ചത്തിന്‍റെ കുളിരും തൃഫല കഷായത്തിന്‍റെ ലഹരിയും ഒത്തുചേർന്ന പ്രകൃതിയുടെ സുഗന്ധം നിറയുന്നൊരു വീട്. അറുപത്തിയഞ്ചിലധികം ആയുർവേദ ഔഷധങ്ങൾ മണ്ണിൽ കുഴച്ചെടുത്തു നിർമ്മിച്ച ഔഷധ വീടിന്‍റെ മാഹാത്മ്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒരു പക്ഷേ ലോകത്തു തന്നെ ആദ്യത്തെതാകും ഇത്തരത്തിലൊരു ഔഷധ വീട്.
എറണാകുളം സ്വദേശിയും യു.എ.ഇയിൽ ഉൾപ്പെടെ പ്രശസ്തനായ മാരത്തൺ ഓട്ടക്കാരനുമായ ജേക്കബ് തങ്കച്ചന് പ്രശസ്ത ശിൽപി ശിലാ സന്തോഷ് അടൂർ നെല്ലിമുകൾ മലങ്കാവിൽ നിർമിച്ചു നൽകിയതാണ് പ്രകൃതിയുടെ സുഗന്ധം നിറയ്ക്കുന്ന 'മൃണ്മയം' എന്ന ഈ ഔഷധ വീട്. വൈദ്യുതിയും പങ്കയുമൊന്നുമില്ലാത്ത ഒറ്റ മുറിവീട്ടിൽ മായാലോകത്തെന്നപോലെ സുഗന്ധം നിറയുന്ന കുളിർമയാണ്.
ആയുർവേദ കൂട്ടുകളാൽ തീർത്ത മൺ ഭിത്തിയോട് മുഖം ചേർത്താൽ ചന്ദനം, കസ്തുരി മഞ്ഞൾ, കർപ്പൂരം,അശോക പട്ട, കരിങ്ങാലി, തൃഫല കഷായം കുന്തിരിക്കം തുടങ്ങി ഊദ് വരെയുള്ള 65 ലധികം ആയുർവേദ മരുന്നുകളുടെ സമ്മിശ്ര സുഗന്ധം ആസ്വദിക്കാം.