പത്തനംതിട്ട :അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും തമിഴ്‌നാട് പൊലീസ് തേടുകയുമായിരുന്ന സഹോദരങ്ങൾ പത്തനംതിട്ടയിൽ പിടിയിൽ (Most Wanted Brothers Arrested). കോഴഞ്ചേരി തെക്കേ മലയിൽ ഒളിവിൽ താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെൽവേലി പള്ളി കോട്ടൈ നോർത്ത് സ്ട്രീറ്റിൽ മാടസ്വാമി (27), ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരെയാണ് ആറന്മുള പൊലീസ് പിടികൂടിയത്.
സംഭവം ഇങ്ങനെ :ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. കോഴഞ്ചേരി സ്‌റ്റേഷൻ പരിധിയില്‍ ഉള്ള ഓമല്ലൂരില്‍ എത്തിയ പൊലീസുകാർ അവിടെ വെച്ച് ലോട്ടറി വില്‍ക്കുന്ന രണ്ടുപേരെ കണ്ടു.
ഇവരുടെ മുഖഭാവത്തില്‍ പൊലീസുകാർക്ക് സംശയം തോന്നി. പൊലീസ് ഇവരെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. കൂടാതെ തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെടുകയും ചെയ്‌തു. ഇതോടെയാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായതും തമിഴ്‌നാട് പൊലീസ് തേടുന്ന കൊടും കുറ്റവാളികളാണ് ഇവർ എന്ന് മനസിലായതും.
തമിഴ്‌നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്ന് കൊലക്കേസുകൾ ഉൾപ്പടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ആറുമാസമായി രണ്ടുപേരും കൂടി മാതാപിതാക്കളോടൊപ്പം വന്നുതാമസിച്ച് കോഴഞ്ചേരിയിലും പരിസരങ്ങളിലും ലോട്ടറി വിൽപ്പന നടത്തി വരികയാണ്.