പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ നിലവാരത്തിൽ (LaQshya certified facility) ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്‍.) സ്യൂട്ട് സ്ഥാപിക്കും. ഇതിനായി 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
മാതൃ- ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള ആധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ലക്ഷ്യ നിലവാരം അനുസരിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റാന്നി താലൂക്ക് ആശുപത്രിയ്ക്ക് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2260 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ലേബര്‍ ഡെലിവറി സ്യൂട്ട് സജ്ജമാക്കുന്നത്. വേദന രഹിത പ്രസവ സംവിധാനമാണ് ലക്ഷ്യമിടുന്നത്.