കേരളം

kerala

ETV Bharat / state

രക്ഷാപ്രവര്‍ത്തനം, ആശങ്ക; പിന്നീട് പുഞ്ചിരി വിടര്‍ന്നു - പത്തനംതിട്ടയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ പിപിഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക്ക് തുടങ്ങിയവ ധരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് മോക്ക്ഡ്രില്‍ നടത്തിയത്

പത്തനംതിട്ടയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു  latest covid 19
പത്തനംതിട്ടയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍

By

Published : Jul 5, 2020, 2:14 PM IST

പത്തനംതിട്ട:പമ്പയാറ്റില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈകിട്ട് ആറോടെ റാന്നി ഉപാസനക്കടവിന് സമീപം ഒറ്റപ്പെട്ടുപോയ 11 പേരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. നിരവധിപേര്‍ അപകടത്തില്‍പ്പെട്ടു എന്ന വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ്, പൊലീസ്, ആരോഗ്യം, പഞ്ചായത്ത്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. രണ്ട് ഡിങ്കിയും രണ്ട് എന്‍ജിനുകളും സ്ട്രക്ച്ചറും അസ്‌ക്കാലൈറ്റ് ഉള്‍പ്പെടെയുള്ള സജീകരണങ്ങളോടെ രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവ സ്ഥലത്ത് എത്തിയ പ്രദേശവാസികള്‍ ആദ്യം കാര്യമെന്തെന്ന് അറിയാതെ ആശങ്കപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രില്‍ ആണെന്ന് അറിഞ്ഞതോടെ ഇവരുടെ മുഖത്ത് ആശങ്ക മാറി കരുതലിന്‍റെ പുഞ്ചിരി വിടര്‍ന്നു. നാട്ടുകാരില്‍ ചിലരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായി.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 60 വയസിന് മുകളില്‍ പ്രായമായ രണ്ടു പേരെ ആദ്യം സ്‌കൂള്‍ ബസില്‍ പെന്തക്കോസ്തല്‍ മിഷന്‍ ക്യാമ്പിലേക്ക് മാറ്റി. 10 വയസിനും 60 വയസിനും ഇടയിലുള്ള മൂന്നുപേരെ ഡിങ്കിയില്‍ ഉപാസനക്കടവില്‍ എത്തിച്ച് ടിപ്പറില്‍ പിജെടി ഹാളിലെ ക്യാമ്പിലേക്ക് മാറ്റി. കൊവിഡ് നിരീക്ഷണത്തിലുള്ള നാലുപേരെ മാര്‍ത്തോമ നഴ്‌സിങ് ഹോസ്റ്റലിലെ ക്യാമ്പിലേക്ക് ആംബുലന്‍സില്‍ മാറ്റി. കൊവിഡ് പശ്ചാത്തലത്തില്‍ പിപിഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക്ക് എന്നിവ ധരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് മോക്ക്ഡ്രില്‍ നടത്തിയത്. റാന്നി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെഎസ് വിജയന്‍ ഇന്‍സിഡന്‍റ്‌ കമാന്‍ഡറായി പ്രവര്‍ത്തിച്ചു. പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ വര്‍ഗീസ് നിരീക്ഷകനായിരുന്നു. മോക്ക്ഡ്രിലിന് ശേഷം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ നടന്നു. റാന്നി തഹസില്‍ദാര്‍ ജോണ്‍ പി വര്‍ഗീസ്, റാന്നി എല്‍ആര്‍ തഹസിദാര്‍ ഒകെ ഷൈല, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ ബി സുരേഷ്, പത്തനംതിട്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ്‌ കുമാര്‍, റാന്നി ആര്‍എംഒ ഡോ. അജാസ് ജമാല്‍ മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോക്ക്ഡ്രില്ലില്‍ പങ്കെടുത്തു.

For All Latest Updates

ABOUT THE AUTHOR

...view details