കേരളം

kerala

ETV Bharat / state

Pathanamthitta man missing Case | നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി ; കൊന്നുവെന്ന ഭാര്യ അഫ്‌സാനയുടെ മൊഴി കളവ് - കലഞ്ഞൂര്‍ പാടം

നൗഷാദിന്‍റെ ഭാര്യ അഫ്‌സാന നിരന്തരം മൊഴി മാറ്റിയിരുന്നു. ഇവർ പറഞ്ഞ പ്രകാരം പൊലീസ് നടത്തിയ പരിശോധനകളിൽ കാര്യമായ തെളിവുകൾ ലഭിക്കാതെ വന്ന സാഹചര്യത്തില്‍ നൗഷാദ് ജീവനോടെ ഉണ്ടാകാം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരുന്നു

missing noushad  noushad was found  thodupuzha  Pathanamthitta man missing  afsana  കാണാതായ നൗഷാദിനെ തൊടുപുഴയില്‍ നിന്നും കണ്ടെത്തി  ഭാര്യയുടെ മൊഴി കളവ്  അഫ്‌സാന  പത്തനംതിട്ട  കലഞ്ഞൂര്‍ പാടം  പത്തനംതിട്ട
Pathanamthitta man missing Case | നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി ; കൊന്നുവെന്ന ഭാര്യയുടെ മൊഴി കളവ്

By

Published : Jul 28, 2023, 1:07 PM IST

Updated : Jul 28, 2023, 1:36 PM IST

പത്തനംതിട്ട :കലഞ്ഞൂരിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ പൊലീസ് തൊടുപുഴയിൽ നിന്ന് കണ്ടെത്തി. തൊമ്മൻകുത്തിൽ നിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. കാണാൻ ഇല്ല എന്ന വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടിസായി പുറത്തുവന്നതിനെ തുടർന്നാണ് തൊടുപുഴ ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിക്കുന്നത്.

നൗഷാദിനെ തൊടുപുഴ ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ചിട്ടുണ്ട്. മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച്, ഭാര്യ അഫ്‌സാന വിളിച്ചുകൊണ്ടുവന്ന ഒരു സംഘം ആളുകൾ തന്നെ മർദിച്ചതായും ഇതിനെ തുടർന്ന് പിറ്റേ ദിവസം നാടുവിടുകയായിരുന്നു എന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. പേടിച്ചിട്ടാണ് നാട്ടിൽ വരാതിരുന്നതെന്നും നാടുവിട്ടതിൽ പിന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

നാട്ടിൽ ആരുമായും ബന്ധം ഇല്ലായിരുന്നു. തൊടുപുഴയിൽ ഒരു കൃഷിയിടത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഇപ്പോൾ മാധ്യമ വാർത്തകൾ വഴിയാണ് സംഭവം അറിഞ്ഞത്. ഭാര്യക്ക് ചില മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ടെന്നും നൗഷാദ് വിശദീകരിച്ചു.

നൗഷാദിന്‍റെ തിരോധാനം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ട തൊടുപുഴ സ്‌റ്റേഷനിലെ പൊലീസുകാരൻ ജെയ്‌സണ്‍ ആണ് ഇയാളെ കണ്ടെത്തുന്നത്. ജെയ്‌സന്‍റെ ഒരു ബന്ധുവാണ് തൊടുപുഴ ഭാഗത്ത്‌ നൗഷാദിനെ പോലുള്ള ഒരാളുണ്ടെന്ന് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ജെയ്‌സൺ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്തുന്നത്. കാര്യങ്ങൾ പറഞ്ഞപ്പോൾ താൻ നൗഷാദാണെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, നിലവിൽ അറസ്‌റ്റിലായ അഫ്‌സാന ജയിലിലാണ്. ഇവരെ കസ്‌റ്റഡിയിൽ വാങ്ങി നുണ പരിശോധന ഉൾപ്പടെ ശാസ്ത്രീയ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങുമെന്നായിരുന്നു സൂചന. നൗഷാദിനെ താൻ കൊന്നുകുഴിച്ചുമൂടി എന്ന് അഫ്‌സാന പൊലീസിന് മൊഴി നൽകിയെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ കൊലപാതക കുറ്റം നിലനിൽക്കില്ലെന്നതിനാല്‍ മറ്റ് വകുപ്പുകളിലാണ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മൃതദേഹം ഗൂഡ്‌സ്‌ ഓട്ടോയില്‍ കൊണ്ടുപോയെന്ന് മൊഴി : സുഹൃത്തിന്‍റെ സഹായത്തോടെ മൃതദേഹം ഗൂഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നാണ് നൗഷാദിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാന അവസാനം മൊഴി നല്‍കിയത്. തന്‍റെ പെട്ടി ഓട്ടോയില്‍ നൗഷാദിന്‍റെ മൃതദേഹം കൊണ്ടുപോയി എന്ന് അഫ്‌സാന പറയുന്നത് പച്ചക്കള്ളമാണെന്ന് സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്‌ത നസീർ പറഞ്ഞിരുന്നു.

തനിക്ക് സ്വന്തമായി പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നും, വാഹനം ഓടിക്കാന്‍ അറിയില്ലെന്നും നസീര്‍ പറഞ്ഞിരുന്നു.
'എനിക്ക് ഒരു ആക്‌ടീവ മാത്രമേയുള്ളൂ. അതല്ലാത്ത വണ്ടികള്‍ ഓടിക്കാനറിയില്ല. നേരത്തെ ഒരു ദിവസം നൗഷാദ് പണി വല്ലതും കിട്ടുമോയെന്ന് ചോദിച്ചിരുന്നു' - നസീര്‍ പറഞ്ഞു.

ആദ്യം അന്വേഷിക്കട്ടെ, എന്നുപറഞ്ഞ ഞാന്‍ ഒരു ദിവസം അവനെ ജോലിക്ക് കൊണ്ടുപോയി. അവിടെ നിന്ന് ജോലി കഴിഞ്ഞുപോയ അന്നേ ആ ബന്ധം തീര്‍ന്നു. പിന്നീട് ഒന്നും അറിയില്ല. കേസുമായി ഒരു ബന്ധവുമില്ല. ഒരു കാര്യവും അറിയില്ലെന്നും നസീര്‍ വ്യക്തമാക്കി.

കലഞ്ഞൂർ വണ്ടണി പടിഞ്ഞാറ്റേതിൽ വീട്ടിൽ അഷറഫിന്‍റെ മകൻ നൗഷാദിനെ ഒന്നര വർഷം മുൻപ് കാണാതായതിന് കൂടൽ പൊലീസാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറ പള്ളിക്ക് സമീപം കുഞ്ഞുമോന്‍റെ വീട്ടിൽ അഫ്‌സാനയും കുട്ടികളുമൊത്ത് വാടകയ്ക്ക് താമസിച്ചുവരവെ 2021 നവംബർ ഒന്നുമുതലാണ് നൗഷാദിനെ കാണാതാവുന്നത്. മകനെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിപ്രകാരം കൂടൽ പൊലീസ് അന്ന് കേസെടുത്ത് അന്വേഷണം തുടർന്നുവരികയായിരുന്നു.

ഇതിനിടെ, കൂടൽ എസ് ഐ ഷെമിമോൾക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നൗഷാദിന്‍റെ ഭാര്യ നൂറനാട് സ്വദേശിനി അഫ്‌സാനയെ ഇന്നലെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ, ഭർത്താവിനെ താൻ കൊന്നു എന്നും മറ്റുമാണ് മൊഴി നൽകിയത്. പക്ഷേ, മൂന്ന് ദിവസം മുമ്പ് ഇവർ നൗഷാദിനെ അടൂരില്‍വച്ച് കണ്ടുവെന്ന് സ്‌റ്റേഷനിൽ അറിയിച്ചതിനെതുടർന്നാണ് അഫ്‌സാനയെ വിളിപ്പിച്ചത്.

പരസ്‌പര വിരുദ്ധമായ മൊഴി : പൊലീസ് ഇൻസ്‌പെക്‌ടർ പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് കൊന്ന് കുഴിച്ചുമൂടിയെന്നും മറ്റും പരസ്‌പരവിരുദ്ധമായി സംസാരിച്ചത്. പിന്നീട് കോന്നി ഡിവൈഎസ്പി ടി രാജപ്പനും യുവതിയെ ചോദ്യം ചെയ്‌തു. മൃതദേഹം മറവുചെയ്‌തു എന്ന് പറഞ്ഞ ഇടങ്ങളിലെല്ലാം യുവതിയെ എത്തിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

മൃതദേഹം കുഴിച്ചിട്ടതായി അഫ്‌സാന പറഞ്ഞ അടുക്കളയും രണ്ട് മുറികളും കുഴിച്ചുനോക്കി. വീടിന് പിന്നിലെ പുരയിടത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനായി എടുത്ത കുഴിയിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അടൂർ പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഇവർ ആകെ മൂന്നുമാസം മാത്രമാണ് ഒരുമിച്ചുകഴിഞ്ഞതെന്നും, നൗഷാദ് മദ്യപിച്ച് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും അഫ്‌സാന പറയുന്നു. ഭർത്താവിനെ കൊന്ന് പള്ളി സെമിത്തേരിയിൽ മറവ് ചെയ്‌തതായും, പുഴയിൽ ഒഴുക്കിയെന്നും തുടങ്ങി ഇവര്‍ പലകുറി മൊഴികൾ മാറ്റിപ്പറഞ്ഞു. ഇതോടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 177,182(പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യതിചലിപ്പിക്കുകയും ചെയ്യല്‍), 201 (തെളിവ് നശിപ്പിക്കൽ ), 297( മതവികാരം വ്രണപ്പെടും വിധം ശവക്കല്ലറയിൽ കയ്യേറ്റം നടത്തല്‍, ശവത്തെ അവഹേളിക്കല്‍, അപമാര്യാദയായി പെരുമാറല്‍) എന്നീ വകുപ്പുകൾ പ്രകാരമാണ് അഫ്‌സാനയെ അറസ്‌റ്റ് ചെയ്‌തത്.

Last Updated : Jul 28, 2023, 1:36 PM IST

ABOUT THE AUTHOR

...view details