പത്തനംതിട്ട:പ്രണയം നടിച്ച് പാതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ എറണാകുളത്തു നിന്നും പിടികൂടി. പന്തളം പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതിയായ പന്തളം ഉളനാട് ചിറക്കരോട്ടു വീട്ടിൽ അനന്തു അനിലിനെ (22) എറണാകുളത്ത് ഒളിവിൽ കഴിയവേ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച് കഴിഞ്ഞ രണ്ട് വർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും യുവാവ് ബലാൽസംഗം ചെയ്യുകയായിരുന്നു (Minor Girl Kidnapped And Raped Pathanamthitta).
കഴിഞ്ഞവർഷം ഡിസംബറിൽ ബൈക്കിൽ അടൂരിലെ ഒരു ലോഡ്‌ജിൽ എത്തിച്ചും തുടർന്ന് പല ദിവസങ്ങളിലായി വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയിട്ടുണ്ടെന്നാണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു.
ഈ വർഷം പഴകുളത്തെ ഒരു വീട്ടിലെത്തിച്ചും പിന്നീട് പ്രതിയുടെ വീട്ടിൽ വച്ചും പല ദിവസങ്ങളിലായി പല തവണ ലൈംഗികപീഡനത്തിന് വിധേയയാക്കിയിട്ടുണ്ട്. പീഡനവിവരം പുറത്ത് പറഞ്ഞാൽ ജീവിക്കാൻ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (സെപ്‌റ്റംബർ 15) പൊലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുകയും ചെയ്‌തിരുന്നു.
കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനെ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് കണ്ടെത്തിയത്. അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ നിർദേശപ്രകാരം പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ടിഡി പ്രജീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്.