പത്തനംതിട്ട :വെള്ളപ്പൊക്കം നാശം വിതച്ച മല്ലപ്പള്ളി താലൂക്കിലെ സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രി വീണ ജോർജ്. പന്തളം ഉൾപ്പടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, മത്സ്യ തൊഴിലാളികൾ ഉൾപ്പെടുന്ന സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതായും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്രമീകരണം വിശദീകരിക്കുകയായിരുന്നു വീണ ജോര്‍ജ്.
ഇതിനിടെ പന്തളം കരിങ്ങാലി പാടത്തോട് ചേർന്നുകിടക്കുന്ന പുതുമന ഭാഗത്ത് പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. അഗ്നിശമന സേന ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടത്തി. പന്തളം നഗരസഭയിലെ 33-ാം വാർഡിൽപെട്ട പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വീടുകളിൽ ഉള്ള അവശ്യ വസ്തുക്കൾ, ഭക്ഷ്യ സാധനങ്ങൾ, വൈദ്യുതോപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.
ALSO READ: കൊക്കയാറിൽ കുട്ടികളുടേതടക്കം ആറ് മൃതദേഹങ്ങൾ കണ്ടെത്തി ; മഴ ശക്തം, തിരച്ചില്‍ പ്രതിസന്ധിയില്‍
ജില്ലയിലെ മൂന്നുനദികളിലും അപകട നിലയ്ക്ക് മുകളിൽ വെള്ളം ഉയർന്നതായും മന്ത്രി പറഞ്ഞു. ജില്ലയിൽ ഇതുവരെ 40 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതിൽ 660 പേരെ മാറ്റിപ്പാർപ്പിച്ചു. എല്ലാ ജില്ലകളിലും ആന്‍റിജന്‍ കിറ്റിന്‍റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.