പത്തനംതിട്ട: ജനങ്ങളെ ആകര്‍ഷിക്കത്തക്ക നിലയിലേക്ക് പാലങ്ങളില്‍ ദീപാലങ്കരങ്ങള്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലങ്ങളെ സൗന്ദര്യവത്‌കരിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖല സഹകരണ സ്വകാര്യ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഈ വര്‍ഷം 50 പാലങ്ങളില്‍ ദീപാലങ്കര പ്രവര്‍ത്തനങ്ങള്‍ നടത്തും.
കായംകുളം, ബേപ്പൂര്‍ മണ്ഡലങ്ങളിലെ രണ്ടു പാലങ്ങള്‍ ഇത്തരത്തില്‍ അലങ്കരിച്ചത് വിജയകരമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരത്തില്‍ കേരളത്തിലെയും പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതു ഡിസൈന്‍ പോളിസി തയാറാക്കി പാലങ്ങളുടെ താഴ്‌ഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം പാര്‍ക്കുകളോ സ്‌കേറ്റിങ് പോലെയുള്ള ആവശ്യങ്ങള്‍ക്കോ സൗകര്യ പ്രദമാക്കും.
സംസ്ഥാനത്തെ ജനങ്ങളുടെ ആതിഥ്യ മര്യാദയും മതനിരപേക്ഷ മനസും മതസൗഹാര്‍ദ അന്തരീക്ഷവുമാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ചെറിയ പാലത്തിന് പകരം വീതിയേറിയ പാലം സാധ്യമാക്കുന്നതിലൂടെ നാടിന്‍റെ ഗതാഗതം സൗകര്യപ്രദമാക്കുന്ന നിലയിലേക്ക് കരിയിലമുക്ക് പാലം മാറുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 489 കോടി 49 ലക്ഷം രൂപയുടെ പ്രവര്‍ത്തികളിലായി 35 പാലങ്ങള്‍ പൂര്‍ത്തികരിച്ചു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1,208 കോടി രൂപയുടെ 140 പാലം പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.