പത്തനംതിട്ട :പുനലൂര്‍ മൂവാറ്റുപുഴ റോഡിന്‍റെ കോന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള ഭാഗത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പുനലൂര്‍-മൂവാറ്റുപുഴ കെഎസ്‌ടിപി റോഡ് നിര്‍മാണം സന്ദര്‍ശിച്ച് വിലയിരുത്തിയ മന്ത്രി കോന്നി ഫോറസ്റ്റ് ഐബിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു. റോഡ് നിര്‍മാണം വേഗത്തിലാക്കണമെന്നും നിര്‍മാണം കരാര്‍ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നിലയില്‍ നിര്‍മാണം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read:കെ. സുരേന്ദ്രന് കുരുക്ക് മുറുകുന്നു; സുന്ദരയ്ക്ക് പണം നല്‍കിയത് അടുത്ത അനുയായി
മൈലപ്ര - ഉതിമൂട് ഭാഗത്ത് ഓട നിര്‍മിക്കാത്തതുമൂലം വീടുകളിലേക്ക് വെള്ളം ഒഴുകി എത്തുന്നു എന്ന പരാതിയില്‍ ഉടന്‍ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പരാതി പരിഹരിക്കാന്‍ എല്ലാ മാസവും എംഎല്‍എ പങ്കെടുത്ത് ഉദ്യോഗസ്ഥ തല യോഗം ചേരണമെന്നും അവയുടെ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. പരാതികള്‍ പരിഹരിക്കാന്‍ ജില്ല കലക്‌ടറെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളെയും നിയോഗിച്ചതായും മന്ത്രി പറഞ്ഞു.