പത്തനംതിട്ട:ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് വസ്‌തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ അഭ്യര്‍ഥിച്ചു. ശബരിമലയുടെ പ്രകൃതിഭംഗിയും, പച്ചപ്പും അതേ രീതിയില്‍ നിലനിര്‍ത്തുകയും, ആ പ്രദേശത്തിന്‍റെ ഹരിതഭംഗിക്ക് പോറലേല്‍പ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിച്ചു.
ശബരിമല തീർഥാടകർ പ്ലാസ്റ്റിക് ഒഴിവാക്കണം: കെ രാധാകൃഷ്‌ണന്‍
ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് ഒഴിവാക്കാൻ നിർദ്ദേശം. ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കാൻ തീരുമാനം.
ഒരു തീര്‍ഥാടനകാലത്തില്‍ ദശലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നത്. ഇത്രയും പേരെ ഉള്‍ക്കൊള്ളുമ്പോഴുണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുകാരണവശാലും ശബരിമലയുടെ ജൈവികവ്യവസ്ഥയെ ദോഷകരമായി ബാധിക്കുവാന്‍ പാടില്ല. അതിനാല്‍ ഇത്തവണയും മണ്ഡലകാലത്തില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ശബരിമലയില്‍ എത്തുന്ന ഭക്തന്മാര്‍ അവിടേക്ക് പ്ലാസ്റ്റിക് വസ്‌തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുകയാണ്.
കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മറ്റു കുപ്പികള്‍ ഉപയോഗിക്കുവാനും, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചിയോ, പേപ്പര്‍ ബാഗോ ഉപയോഗിക്കുവാനും, പമ്പ നദിയില്‍ തുണികളും, പ്ലാസ്റ്റിക് വസ്‌തുക്കളും വലിച്ചെറിയുന്നത് ഒഴിവാക്കുവാനും കൂടി ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.