പത്തനംതിട്ട:വിവാദമുണ്ടാക്കുകയല്ല മഹത്തായ മണ്ഡലകാലമാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ ശബരിമല തീര്‍ഥാടന അവലോകന യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറിയ വിവാദം പോലും ഉണ്ടാവാത്ത ഒരു മണ്ഡലകാലമാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാം വകുപ്പുകളും മികച്ച പ്രവർത്തനം നടത്തണം.
വിവാദങ്ങളില്ലാത്ത മണ്ഡലകാലമാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ ആരോഗ്യ വകുപ്പിൽ വിവിധ ഭാഷകൾ അറിയാവുന്ന അരോഗ്യ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തണം. ഭക്തർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമുള്ള സംവിധാനം ഒരുക്കണം. ഫയർഫോഴ്‌സിനോടൊപ്പം സിവിൽ ഡിഫൻസ് ടീമിനെ ഇത്തവണ പന്തളത്ത് ഉപയോഗിക്കണം. എല്ലാ വകുപ്പുകളും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്.
മണ്ഡലകാലത്ത് യൂണിഫോം ഫോഴ്‌സിന് വലിയ ഉത്തരവാദിത്തമാണുള്ളത്. മികച്ച രീതിയിലുള്ള ഇടപെടലുകൾ വകുപ്പുകളിൽ നിന്നുണ്ടാവണം. മോട്ടോർ വാഹന വകുപ്പ് പന്തളത്ത് രണ്ട് സ്ക്വാഡുകളെ പട്രോളിങിനായി നിയോഗിച്ചിട്ടുണ്ട്.
80 പേരുള്ള പൊലീസ് സംഘമാണ് പന്തളത്ത് ഉണ്ടാവുക. രണ്ട് പൊലീസ് എയ്‌ഡ് പോസ്‌റ്റുകളും പന്തളത്തുണ്ടാവും. പന്തളത്തുനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവിസ് നടത്തും. മണികണ്‌ഠൻ ആൽത്തറയിൽ താത്‌കാലിക ബസ് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വലിയകോയിക്കൽ ക്ഷേത്രത്തോട് ചേർന്ന് ആരോഗ്യ വകുപ്പിൻ്റെ താത്‌കാലിക ഡിസ്‌പൻസറി പ്രവർത്തിക്കും. തീർഥാടന കാലത്തോട് അനുബന്ധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ട്രോമ കെയർ സംവിധാനം പ്രവർത്തന സജ്ജമാകുവാൻ നാല് നഴ്‌സിങ് സ്‌റ്റാഫിനെയും, നാല് സ്വീപ്പർമാരെയും നൽകണമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്‌പീക്കർ. ജില്ലാ കലക്‌ടറുടെയും, ആരോഗ്യ മന്ത്രിയുടെയും ഇടപെടൽ ഇതിനായി ഉണ്ടാവണം. തീർഥാടന കാലം മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പന്തളത്തു നടന്നു വരുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവർ യോഗത്തിൽ പങ്കെടുക്കാഞ്ഞത് പരിശോധിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
പന്തളത്ത് 30 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുമെന്ന് ജില്ലാ കലക്‌ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ആയിരം വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ അയ്യപ്പൻ്റെ പൂങ്കാവനം ശുചിത്വമാക്കുവാൻ എത്തിയിട്ടുള്ളത്. വകുപ്പുതല പ്രവർത്തനങ്ങൾ എല്ലാം തന്നെ അവസാന ഘട്ടത്തിലാണെന്നും കലക്‌ടർ പറഞ്ഞു.
ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ പറഞ്ഞു. 13 സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഇതിനായി തുറന്നിട്ടുണ്ട്. നിലയ്ക്കൽ മാത്രം ബുക്കിങിന് പത്ത് കൗണ്ടറുകൾ തുറന്നിട്ടുണ്ട്.
തീർഥാടനം സുഗമമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ദർശനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ ലഭിക്കുന്ന ഇൻഫർമേഷൻ കൗണ്ടർ പന്തളത്ത് ഒരുക്കണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ദീപാവർമ്മ പറഞ്ഞു. വിവിധ ഭാഷകൾ അറിയുന്നവരെ അതിനായി നിയമിക്കണം. കൊട്ടാരവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, ചെയർപേഴ്‌സൺ കെ.സീന, കൗൺസിലർ പി.കെ.പുഷ്‌പലത, ദേവസ്വം ചീഫ് എഞ്ചിനീയർ ആർ.അജിത് കുമാർ, അടൂർ ഡിവൈഎസ്‌പി ആർ.ബിനു, ദേവസ്വം ബോർഡ് അഡീഷണൽ സെക്രട്ടറി ടിആർ ജയപാൽ, ദേവസ്വം ബോർഡ് കമ്മിഷണർ ബിഎസ് പ്രകാശ്, വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പൃഥിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.