പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സത്യം പുറത്തുവരാതിരിക്കാനാണ് മന്ത്രി കെ.ടി.ജലീലും വൈസ് ചാന്‍സലറും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന്‍റേത് കുറ്റസമ്മതമാണ്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മാർക്ക് കൂട്ടിക്കൊടുത്തതെന്ന് മന്ത്രി മറുപടി നൽകണം. 140 വ്യാജ ഡിഗ്രികൾ എം.ജി സർവകലാശാല നൽകി. 60 എണ്ണം പരിഗണനയിലാണെന്ന് കേൾക്കുന്നു. അദാലത്തിൽ പങ്കെടുക്കാൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാർക്ക് ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്ക് ദാനം; കെ.ടി. ജലീലിന്‍റേത് കുറ്റസമ്മതമെന്ന് രമേശ് ചെന്നിത്തല
മഹാത്മാഗാന്ധി സർവകലാശാലയിലെ മാർക്ക് ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
ഹാരിസണിനെ സഹായിക്കുന്നതിനുള്ള കള്ളക്കച്ചവടമാണ് ശബരിമല വിമാനത്താവളത്തിന്‍റെ പേരിൽ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവള നിർമാണത്തില്‍ എല്ലാ നിയമവശങ്ങളും പരിശോധിക്കണം. വിമാനത്താവളം വരുന്നതിനോട് എതിർപ്പില്ലെന്നും പക്ഷേ ചെറുവള്ളിയിൽ നടത്താൻ പോകുന്നത് അഴിമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിറവം പള്ളിത്തർക്കത്തിൽ യുഡിഎഫ് ഒരു കക്ഷിയുടെയും ഭാഗം പിടിക്കില്ല. ബെന്നി ബെഹന്നാൻ യാക്കോബായ സഭയ്ക്ക് അനുകൂലമായി പറഞ്ഞിട്ടില്ല. യുഡിഎഫ് വിശ്വാസികളോടൊപ്പമാണ്. ആരോടൊപ്പവും കക്ഷി ചേരില്ല. അഞ്ച് നിയോജക മണ്ഡലത്തിലും യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.